1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2018

സ്വന്തം ലേഖകന്‍: തായ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ ആരോഗ്യവാന്മാര്‍; ഭക്ഷണവും വെള്ളവുമെത്തിച്ചു; രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ ശ്രമം. തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും അവരുടെ ഫുട്ബാള്‍ കോച്ചും ആരോഗ്യത്തോടെ ഇരിക്കുന്നതായി വ്യക്തമാക്കുന്ന പുതിയ വിഡിയോ പുറത്തുവന്നു. ചിരിച്ചുകൊണ്ട് തങ്ങളെ ഓരോന്നായി പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വിഡിയോയില്‍ 11 പേരെയാണ് കാണിക്കുന്നത്.

പരിചയ സമ്പന്നരായ മുങ്ങല്‍ വിദഗ്ധരാണ് പ്രളയക്കെട്ടുകള്‍ താണ്ടി ഗുഹയിലെത്തിയത്. എന്നാല്‍ ഇവരോടൊപ്പം തിരിച്ചു നീന്താല്‍ തിരിച്ചു കുട്ടികള്‍ക്ക് നീന്തല്‍ അറിയില്ല എന്നതാണ് ഇപ്പോള്‍ രക്ഷാദൗത്യത്തിന് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. മാത്രമല്ല, ഇനി അത് പഠിച്ചെടുത്താലും വെള്ളം കയറിക്കിടക്കുന്ന ഇടുങ്ങിയ വഴികളിലൂടെ അവരെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നത് ഏറെ അപകടകരമാണ്. കാരണം ഇത്തരം വഴികളിലൂടെ തനിച്ചു മാത്രമേ അവര്‍ക്ക് നീന്താന്‍ കഴിയൂ.

അതിനാല്‍ അവര്‍ ഇപ്പോള്‍ കഴിയുന്നിടത്തുതന്നെ ആവശ്യമായ ഭക്ഷണവും മറ്റുമെത്തിക്കുക എന്നതാണ് യു.എസ് നാഷനല്‍ കേവ് റെസ്‌ക്യൂ കമീഷന്‍ അംഗം അന്‍മര്‍ മിര്‍സ വ്യക്തമാക്കുന്നത്. ജലനിരപ്പ് താഴുന്നതുവരെ ഇത് തുടരാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അങ്ങനെയാണ് കുട്ടികള്‍ മാസങ്ങളോളം ഗുഹയില്‍ കഴിയേണ്ട സ്ഥിതിവരുന്നത്. എന്നാല്‍, കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അത് വലിയ തിരിച്ചടിയാകും.

അങ്ങനെവന്നാല്‍, കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ച് പുറത്തെത്തിക്കാതെ തരമില്ലെന്ന് വരും. ഈ സാഹചര്യം കണക്കിലെടുത്ത് 12 കുട്ടികള്‍ക്കും അവരുടെ ഫുട്‌ബോള്‍ കോച്ചിനും നീന്തല്‍ പരിശീലനം നല്‍കിത്തുടങ്ങി. ഇവര്‍ക്കുള്ള നീന്തല്‍ വസ്ത്രങ്ങളുമായി 30 നീന്തല്‍ വിദഗ്ധര്‍, സൈനികര്‍, ഗുഹാവിദഗ്ധന്‍ എന്നിവരടങ്ങിയ സംഘം ഗുഹയ്ക്കുള്ളിലേക്കു പുറപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച വരെ ഗുഹയ്ക്കുള്ളില്‍നിന്നു 12 കോടി ലീറ്റര്‍ വെള്ളം മോട്ടോര്‍ ഉപയോഗിച്ചു പമ്പു ചെയ്തു പുറത്തുകളഞ്ഞിരുന്നു. വീണ്ടും മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം പൂര്‍ണമായും പമ്പു ചെയ്തു കളയുക പ്രായോഗികമല്ലെന്നാണു രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ജൂണ്‍ 23നു ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും പത്താംദിവസമാണു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.