1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2018

സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം; രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി പേമാരി മുന്നറിയിപ്പ്. വ്യാഴാഴ്ച ലുവാങ് ഗുഹക്കുള്ളിലെ വെള്ളം നീക്കുകയായിരുന്നു രക്ഷാപ്രവര്‍ത്തകരുടെ പ്രധാന ജോലി. വ്യാഴാഴ്ച മാത്രം 12.8 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്തുകളഞ്ഞു. അതോടെ മണിക്കൂറില്‍ 1.5 സെ.മീ. എന്ന നിലയിലായി ജലനിരപ്പ്.

അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്, ഗുഹാമുഖത്തുനിന്ന് ഉള്ളിലേക്ക് 1.5 കി.മീ. വരെ സഞ്ചരിക്കാന്‍ കഴിഞ്ഞു. ഭക്ഷണവും വെള്ളവും ഗുഹയിലേക്ക് എത്തിക്കുന്നുണ്ട്. ഒരാഴ്ചക്കകം തായ്‌ലന്‍ഡിന്റെ വടക്കന്‍ മേഖലയില്‍ കാലവര്‍ഷം ശക്തമാകുമെന്നാണു കാലാവസ്ഥ പ്രവചനം. ഗുഹ സ്ഥിതിചെയ്യുന്ന ചിയാങ് റായ് പ്രവിശ്യ വടക്കന്‍ തായ്‌ലന്‍ഡിലാണ്.

മഴ നിലക്കണമെങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണം. ഗുഹയുടെ കവാടത്തില്‍ നിലവില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മഴ പെയ്താല്‍ ജലനിരപ്പ് വര്‍ധിക്കും. പട്ടായ ബീച്ച് എന്നറിയപ്പെടുന്ന ഇടത്തില്‍ നിന്ന് 400മീറ്റര്‍ മാറിയാണ് കുട്ടികളുള്ളത്. പേമാരിയുണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ കുട്ടികളെയും അധ്യാപകനെയും ഡൈവിങ് പരിശീലിപ്പിക്കുക എന്ന മാര്‍ഗം രക്ഷാപ്രവര്‍ത്തകര്‍ സ്വീകരിക്കുമെന്നാണ് സൂചന.

ഗുഹയില്‍നിന്ന് പരമാവധി വെള്ളം പമ്പു ചെയ്തു കളയുകയെന്നത് രണ്ടാമത്തെ വഴി. കുട്ടികളുടെ തലക്കു മുകളിലുള്ള മലയുടെ ഭാഗത്ത് അനുയോജ്യമായ വിടവ് കണ്ടെത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. അതുവരെ കുട്ടികള്‍ക്കു ഭക്ഷണവും മരുന്നും വെള്ളവും നല്‍കി ആരോഗ്യവാന്മാരാക്കി നിലനിര്‍ത്തുകയെന്നതും വെല്ലുവിളിയാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.