സ്വന്തം ലേഖകന്‍: ‘ദ ക്യാപിറ്റല്‍ ഗസറ്റ്’ പത്രസ്ഥാപനത്തിലെ വെടിവയ്പ്പിനു പിന്നില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കുടിപ്പക. കഴിഞ്ഞ ദിവസമാണ് 38കാരനായ ജാരദ് റാമോസ് പത്രസ്ഥാപനത്തിലെത്തി അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയത്. 2011ല്‍ ക്യാപിറ്റല്‍ ഗസറ്റില്‍ അയാളെക്കുറിച്ച് വന്ന വാര്‍ത്തയാണ് കൃത്യം നടത്താന്‍ അയാളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രിമിനല്‍ക്കേസില്‍ പ്രതിയായ ജാരദിനെക്കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നതോടെയാണ് ഇയാള്‍ക്ക് പത്രത്തോട് വൈരാഗ്യമാരംഭിച്ചത്. ഇതേത്തുടര്‍ന്ന് 2012ല്‍ ഇയാള്‍ പത്രത്തിനും അതെഴുതിയ ലേഖകനുമെതിരേ കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കി. പത്രത്തിന്റെ മുന്‍ എഡിറ്ററും പ്രസാധകനുമായ തോമസ് മാര്‍ക്വാര്‍ഡ്, ലേഖകന്‍ എറിക് ഹാര്‍ലി തുടങ്ങിയവരുടെ പേരിലായിരുന്നു കേസ്.
യു.എസ്. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന ജാരദ് സഹപാഠിയായിരുന്ന പെണ്‍കുട്ടിയെ ഓണ്‍ലൈനിലൂടെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെക്കുറിച്ചായിരുന്നു എറിക് ഹാര്‍ലി എന്ന ലേഖകന്‍ പത്രത്തില്‍ വാര്‍ത്ത കൊടുത്തത്. സ്‌കൂളില്‍ തന്നോട് സ്‌നേഹത്തോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുമായിരുന്ന പെണ്‍കുട്ടിയെ ജാരദ് ഫെയ്‌സ്ബുക്കിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും അവള്‍ അകലാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കാനും തുടങ്ങി.
ശേഷം പെണ്‍കുട്ടിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് അവള്‍ ജോലി ചെയ്യുന്ന ബാങ്കിലേക്ക് ജാരദ് ഇമെയില്‍ സന്ദേശമയച്ചുവെന്നുമാണ് പത്രത്തില്‍ വന്ന വാര്‍ത്ത. ഇതാണ് പത്രത്തിനെതിരെ ആക്രമണം നടത്താന്‍ അയാളെ പ്രേരിപ്പിച്ചത്. ജാരദിന്റെ പേരിലുള്ള ട്വിറ്റര്‍ പേജില്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചിട്ടുള്ളത് എറിക് ഹാര്‍ലിയുടെ ചിത്രമാണ്. കവര്‍ ചിത്രത്തില്‍ മാര്‍ക്വാര്‍ഡിന്റെയും ക്യാപിറ്റല്‍ ഗസറ്റിന്റെ മുന്‍ ഉടമയായ ഫിലിപ്പ് മെറിലിന്റെയും ചിത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല