സ്വന്തം ലേഖകന്‍: യുട്യൂബില്‍ 500 കോടി ആളുകള്‍ കണ്ട് റെക്കോര്‍ഡിട്ട പാട്ട് ഹാക്കര്‍മാര്‍ കൊണ്ടുപോയി. ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ആദ്യ വിഡിയോ എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയതിനു പിന്നാലെ ഡെസ്പാസീറ്റോ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഹാക്ക് ചെയ്യപ്പെടുകയായിരുന്നു. ഹാക്ക് ചെയ്തത് ആരാണെന്നോ എന്തിനെന്നോ ഉള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. യൂട്യൂബില്‍നിന്ന് എടുത്തു മാറ്റിയ വിഡിയോയുടെ തംബ്‌നെയ്‌ലില്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന മുഖംമൂടി ധരിച്ച ആളുകളുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്.
2017 ജനുവരി 12–ന് പുറത്തിറങ്ങിയ ഗാനം വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഏറ്റവുമധികം ആളുകള്‍ കണ്ട വിഡിയോ എന്ന റെക്കോര്‍ഡും നേടിയിരുന്നു. പിന്നാലെയാണ് യുട്യൂബില്‍ 500 കോടി ആളുകള്‍ കണ്ട ആദ്യ വിഡിയോ എന്ന റെക്കോര്‍ഡ് ലഭിച്ചത്. ജസ്റ്റിന്‍ ബീബറുടെ സോറി ഉള്‍പ്പെടെയുള്ള ഇംഗ്ലിഷ് പാട്ടുകളെ പിന്തള്ളിയാണ് ഈ സ്പാനിഷ് ഗാനം ഈ നേട്ടം സ്വന്തമാക്കിയത്.
ഡെസ്പാസീറ്റോ എന്ന വാക്കിന്റെ അര്‍ഥം പതിയെ എന്നാണ്. എന്നാല്‍ ഈ പാട്ട് യുട്യൂബില്‍ എത്തിയ അന്നുമുതല്‍ കുതിക്കുകയായിരുന്നു. സ്പാനിഷ് താളത്തിന്റെ മാസ്മരികതയുള്ള ഗാനത്തിന് ജസ്റ്റിന്‍ ബീബര്‍ തന്റെ വേര്‍ഷന്‍ വരെ പുറത്തിറക്കി. ഈ റീമിക്‌സും പാട്ടിന്റെ പ്രശസ്തിക്ക് ആക്കം കൂട്ടി. ലൂയിസ് ഫോണ്‍സിയും എറികാ എന്‍ഡറും ചേര്‍ന്നാണ് പാട്ട് എഴുതിയത്. ലൂയിസ് ഫോണ്‍സിയാണ് പാട്ട് പാടിയത്. ഡാഡി യാങ്കിയാണ് അഭിനയിച്ചത്.
നാലു മിനിറ്റ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ വിഡിയോ കണ്ട് ആ സ്ഥലങ്ങള്‍ കാണാന്‍ തിക്കും തിരക്കുമായതോടെ രാജ്യത്തിന്റെ വിനോദസഞ്ചാര മേഖല പച്ചപിടിച്ചു. ഇത്തവണത്തെ ഗ്രാമി അവാര്‍ഡുകളില്‍ ഒന്നിലധികം നോമിനേഷനുകള്‍ ലഭിച്ചെങ്കിലും പുരസ്‌കാരങ്ങളൊന്നുംതന്നെ നേടാന്‍ ഈ പാട്ടിനു കഴിഞ്ഞിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല