1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2017

സ്വന്തം ലേഖകന്‍: സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് നയങ്ങള്‍ വ്യക്തമാക്കാന്‍ ധവള പത്രം പുറത്തിറക്കുമെന്ന് തെരേസാ മേയ്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതു സംബന്ധിച്ചുള്ള നടപടികള്‍ വിശദീകരിച്ച് ധവള പത്രം പുറപ്പെടുവിക്കുമെന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. പാര്‍ലമെന്റിന്റെ സമ്മതം നേടിയശേഷമേ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോകാവൂ എന്നു കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ധവളപത്രം പുറത്തിറക്കുമെന്നും കോടതിവിധി ബ്രെക്‌സിറ്റ് നടപടികളുടെ സമയക്രമത്തെ ബാധിക്കില്ലെന്നും മേ വ്യക്തമാക്കി. മുഖ്യ പ്രതിപക്ഷമായ ലേബര്‍ അംഗങ്ങളോടൊപ്പം ഭരണകക്ഷിയിലെ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ചില എംപിമാരും ഈ ആവശ്യം ഉന്നയിച്ച് രംഗത്തുവന്നതോടെയാണ് നയരേഖ പുറത്തിറക്കാന്‍ പ്രധാനമന്ത്രി തയാറായിരിക്കുന്നത്.

ബ്രെക്‌സിറ്റ് ബില്ല് ഈയാഴ്ചതന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതോടൊപ്പം തന്നെ ധവളപത്രവും ഉണ്ടാകും. ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത് പാര്‍ലമെന്റിന്റെ അനുമതിയോടെ ആയിരിക്കണമെന്ന സുപ്രീം കോടതി വിധിയാണ് സര്‍ക്കാരിന്റെ പദ്ധതികള്‍ തകിടം മറിച്ചത്.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഈയാഴ്ചതന്നെ ഇതുസംബന്ധിച്ച് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഉടന്‍ പാസാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഇക്കാര്യം ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചര്‍ച്ചകളുടെ വിശദാശംങ്ങളും വ്യവസ്ഥകളും വിവരിക്കുന്ന ധവളപത്രം പുറത്തിറക്കണമെന്ന ആവശ്യം പ്രതിപക്ഷത്തുനിന്നും ഉയര്‍ന്നതും ഭരണകക്ഷിയിലെ പത്തോളം എംപിമാര്‍ അതിനെ പിന്താങ്ങിയതും.

ലേബര്‍ പാര്‍ട്ടിയിലെ അമ്പതോളം എംപിമാര്‍ ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്ന പക്ഷക്കാരാണെങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ബില്ലിനെ അതേപടി എതിര്‍ക്കേണ്ടതില്ല എന്നതാണ്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് ബില്ല് പാസാക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് സൂചന.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 12 നിര്‍ദേശങ്ങള്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വിവരിച്ചിരുന്നു. ഇവയെല്ലാം ക്രോഡീകരിച്ചുള്ള നയരേഖയാകും ബില്ലിനൊപ്പം ധവളപത്രമായി പുറത്തുവരിക. ഇതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നാളെ തെരേസാ മേ കൂടിക്കാഴ്ച നടത്തും. വൈറ്റ്ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബ്രെക്‌സിറ്റ്, ഉഭയകക്ഷി ബന്ധങ്ങള്‍, റഷ്യ, വാണിജ്യം എന്നിവ ചര്‍ച്ചാ വിഷയമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.