സ്വന്തം ലേഖകന്‍: എന്‍എച്ച്എസിനായി 20ബില്യണ്‍ പൗണ്ട് നല്‍കിയ തെരേസാ മേയ് സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് നേരെ മുഖം തിരിക്കുന്നു; പണമില്ലാതെ ബ്രിട്ടനിലെ സോഷ്യല്‍ കെയര്‍ കടുത്ത പ്രതിസന്ധിയില്‍. അധിക ധനസഹായത്തിനായി സോഷ്യല്‍ കെയര്‍ മേഖല കുറച്ച് കാലം കൂടി കാത്തിരുന്നേ മതിയാകൂ എന്ന ഉറച്ച നിലപാടിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്.
എന്‍എച്ച്എസിനായി 20 ബില്യണ്‍ പൗണ്ട് ഒരു വര്‍ഷം അധികമായി ഫണ്ട് അനുവദിക്കുമെന്ന പ്രഖ്യാപനം സോഷ്യല്‍ കെയര്‍ മേഖലയ്ക്കും പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സോഷ്യല്‍ കെയര്‍ മേഖലക്കും ഉടന്‍ ഫണ്ട് ലഭിക്കുമെന്ന് ആരും അര്‍ത്ഥമാക്കേണ്ടതില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സോഷ്യല്‍ കെയറിനായുള്ള നിര്‍ണായകമായ ഫണ്ടിനായി പിന്നെയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തെ നേതാക്കളോട് തെരേസ മുന്നറിയിപ്പു നല്‍കുന്നത്.
പെന്‍ഡിഗ് റിവ്യൂ പൂര്‍ത്തിയാകുന്നതുവരെ സോഷ്യല്‍ കെയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അധിക ധനസഹായമൊന്നും ലഭിക്കില്ലെന്ന് ഇതോടെ ഉറപ്പായി. ഈ റിവ്യൂ തുടങ്ങാന്‍ ചുരുങ്ങിയത് 2020 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ആരോഗ്യ മേഖലയിലെ എല്ലാ വകുപ്പുകളും തങ്ങളുടെ വരവുചെലവുകളുടെ വിശദ റിപ്പോര്‍ട്ട് 2020 ന് മുമ്പ് വെളിപ്പെടുത്തിയാല്‍ മാത്രമേ പബ്ലിക്ക് ഹെല്‍ത്തിന് വേണ്ടി അധിക ധനസഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.
പണമില്ലാത്തതിനാല്‍ പ്രതിസന്ധികളില്‍പ്പെട്ട് ഉഴലുന്ന സോഷ്യല്‍ കെയറിനെ തെരേസാ മേയ് സര്‍ക്കാര്‍ അവഗണിക്കുന്നതായുള്ള വിമര്‍ശനങ്ങളും ശക്തമാണ്. അടുത്ത വര്‍ഷത്തേക്ക് മാത്രം സോഷ്യല്‍ കെയറില്‍ 2.5 ബില്യണ്‍ പൗണ്ട് ആവശ്യമാണെന്ന് എംഎസ്എസ് സൊസൈറ്റിയുടെ ഡയറക്ടറായ ജെനെവീവ് എഡ്വാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല