1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലെ അദ്യ അഗ്‌നി പരീക്ഷയില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയ് സര്‍ക്കാര്‍, ക്വീന്‍സ് സ്പീച്ച് ഭേദഗതി വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വിജയം. ക്യൂന്‍സ് സ്പീച്ചിനായി ലേബര്‍ പാര്‍ട്ടി കൊണ്ടു വന്ന ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ്. പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളപരിധി ഇല്ലാതാക്കാനുള്ള ലേബറിന്റെ നീക്കത്തിനെതിരായാണ് ഭൂരിഭാഗം എംപിമാരും വോട്ട് ചെയ്തിരിക്കുന്നത്.

അധിക പോലീസുകാരെയും ഫയര്‍ഫൈറ്റര്‍മാരെയും നിയമിക്കാനുള്ള ആവശ്യവും ലേബര്‍ മുന്നോട്ട് വച്ചെങ്കിലും ഇതും പരാജയപ്പെട്ടു. തെരേസാ മേയ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പായി മാറിയ മത്സരത്തില്‍ ഡെമോക്രാറ്റിക് യുണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 650 അംഗ മന്ത്രിസഭയില്‍ 309 ന് എതിരെ 323 വോട്ടാണ് മേയുടെ സര്‍ക്കാര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഇതിനുശേഷം നടന്ന രാഷ്ട്രീയ പരീക്ഷണത്തിലാണ് നേരിയ ഭൂരിപക്ഷത്തില്‍ മേയുടെ ജയം. ഇടക്കാല തെരഞ്ഞെടുപിനു ശേഷം കോമണ്‍സിലെ ആദ്യ വോട്ടെടുപ്പായിരുന്നു ഇത്. ടോറികള്‍ക്ക് കനത്ത ഭൂരിപക്ഷമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തുടര്‍ന്ന് അമിത ആത്മവിശ്വാസം കാണിച്ചായിരുന്നു തെരേസ മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

എന്നാല്‍ കേവല ഭൂരിപക്ഷ നഷ്ടമായതോടെ പ്രതിരോധത്തിലായ പ്രധാനമന്ത്രിക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ ജയം. തെരെഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ തെരേസാ മേയുടെ രക്തത്തിനായുള്ള മുറവിളി ശക്തമാണ്. സഖ്യകക്ഷി ഡിയുപിയുമായി ധാരണയില്‍ എത്താന്‍ വൈകിയതും ക്വീന്‍സ് സ്പീച്ച് അനിശ്ചിതത്വത്തിലായതും തെരേസാ മേയെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുകയും ചെയ്തു,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.