1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2018

 

സ്വന്തം ലേഖകന്‍: സിനിമാ സ്‌റ്റൈലില്‍ നൈസാമിന്റെ മ്യൂസിയത്തിലെ കോടികളുടെ വസ്തുക്കള്‍ അടിച്ചുമാറ്റിയ കള്ളന്മാര്‍ പിടിയില്‍; കള്ളന്‍ ഭക്ഷണം കഴിച്ചിരുന്നത് നൈസാമിന്റെ സ്വര്‍ണ പാത്രത്തില്‍! പുരാനി ഹവേലിയിലെ നൈസാമിന്റെ മ്യൂസിയത്തില്‍ നിന്ന് കളവ് പോയ കോടിക്കണക്കിന് രൂപ മൂല്യമുള്ള വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. മോഷണമുതലിനൊപ്പം രണ്ട് മോഷ്ടാക്കളെയും പൊലീസ് പിടികൂടി. ആഡംബര ജീവിതം നയിക്കുകയായിരുന്ന മോഷ്ടാക്കളിലൊരാള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത് നൈസാമിന്റേതെന്ന് കരുതുന്ന പാത്രത്തിലായിരുന്നു.

ഹോളിവുഡ് സിനിമകളിലേതിനെ വെല്ലുന്ന മോഷണത്തിലെ പ്രതികളെയാണ് പൊലീസ് മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പിടികൂടിയത്. സെപ്റ്റംബര്‍ 2നാണ് പുരാനി ഹവേലിയിലെ നൈസാമിന്റെ മ്യൂസിയത്തില്‍ നിന്ന് വിലമതിക്കാനാവാത്ത പുരാവസ്തുക്കള്‍ കളവ് പോയത്. വെന്റിലേറ്റര്‍ വിടവിലൂടെ അകത്തു കടന്ന മോഷ്ടാക്കള്‍ ഇരുമ്പ് ഗ്രില്ലിനടിയിലൂടെ നുഴഞ്ഞുകയറിയാണ് പുരാവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നിടത്ത് എത്തിയത്.

സ്വര്‍ണത്തില്‍ പൊതിഞ്ഞ ഖുറാന്‍ ആണ് മോഷ്ടാക്കള്‍ ആദ്യം കൈവശപ്പെടുത്തിയത്. സമീപത്തുള്ള പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടതോടെ ഇവര്‍ ഖുറാന്‍ തിരികെ വച്ചെന്ന് പൊലീസ് പറഞ്ഞു. ഏത് തരത്തിലുള്ള വികാരമാണ് ഇവരെ അങ്ങനെ ചിന്തിപ്പിച്ചതെന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് സ്വര്‍ണത്തില്‍ തീര്‍ത്ത പാത്രവും കപ്പും സോസറും മോഷ്ടിച്ചത്.

നാല് കിലോഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത പാത്രത്തില്‍ വിലപിടിപ്പുള്ള രത്‌നങ്ങളും വജ്രങ്ങളും പതിച്ചിട്ടുണ്ട്. നൈസാം ഈ പാത്രം ഭക്ഷണം കഴിക്കാനായി ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തീര്‍ച്ചയില്ലെങ്കിലും മോഷ്ടാക്കളിലൊരാള്‍ മൂന്നു നേരവും ഭക്ഷണം കഴിക്കാന്‍ ഇതുപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിദേശവിപണിയില്‍ 30 മുതല്‍ 40 കോടി രൂപ വരെ വിലമതിക്കുന്നവയാണ് ഈ പാത്രങ്ങള്‍.

മ്യൂസിയത്തിലെ സിസിടിവി ക്യാമറകള്‍ തകരാറിലാക്കിയതിനു ശേഷമായിരുന്നു മോഷ്ടാക്കളുടെ നീക്കം. അതുകൊണ്ട് തന്നെ ഇവരെ കണ്ടെത്തുക പ്രയാസമായിരുന്നു. മ്യൂസിയത്തിനു വെളിയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ബൈക്കില്‍ കയറി പോവുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു, എന്നാല്‍ മുഖം വ്യക്തമായിരുന്നില്ല.

ഇവരിലൊരാള്‍ ഫോണില്‍ സംസാരിക്കുന്നത് കാണാമായിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം നടത്തിയത്.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് കോളുകളെക്കുറിച്ച് അന്വേഷിച്ചു. എന്നാല്‍, അന്വേഷണം എങ്ങുമെത്തിയില്ല. ഫോണ്‍ വിളിക്കുകയാണെന്ന് ഭാവിച്ച് മോഷ്ടാക്കള്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് പിന്നീട് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

 

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.