
സ്വന്തം ലേഖകൻ: നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകന് അല്‍ത്താഫാണ് മരിച്ചത്. പിതാവ് സഫീറിന്റേയും കാണാതായ ഇളയ മകന്റെയും മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തു. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.
മൂത്ത മകനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ മറ്റാരും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. പിതാവ് സഫീറും ഇളയ മകനും കുളത്തില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് വീട്ടിനകത്ത് പരിശോധന നടത്തിയത്. അപ്പോഴാണ് മൂത്ത മകന് വീടിനുള്ളില്‍ കഴുത്തറുക്കപ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏഴു വയസുകാരനായ ഇളയ മകന്റെ മൃതദേഹമാണ് അവസാനം കണ്ടെത്തിയത്. സഫീറിന്റെ മൃതദേഹം നേരത്തെ ആറാട്ട് കുളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സഫീറും ഭാര്യയും മാസങ്ങളായി അകന്ന് താമസിക്കുകയായിരുന്നു.
പിതാവിന്റെ ഓട്ടോറിക്ഷ ആറാട്ട് കുളത്തിന് സമീപം കണ്ടെത്തിയിരുന്നു. ആറാട്ട് കുളത്തില്‍ അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത് പിതാവാണ് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല