1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2018

സ്വന്തം ലേഖകന്‍: തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ പ്രതിഷേധം ശക്തമാകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പ്രതിപക്ഷ ബന്ദ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്. തൂത്തുക്കുടി വെടിവെപ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, മുഖ്യമന്ത്രിയും ഡിജിപിയും രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചേക്കും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലടക്കം സുരക്ഷ ശക്തമാണ്. അതേസമയം, സര്‍ക്കാര്‍ ബസ്സുകള്‍ സര്‍വീസ് നടത്തും. എഐഎഡിഎംകെ അനുകൂല തൊഴിലാളി സംഘടനകളിലെ ജീവനക്കാരെ ഉപയോഗിച്ച് ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ വെടിവെപ്പില്‍ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

ചെമ്പു ശുദ്ധീകരണ ശാലയ്‌ക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പില്‍ ആദ്യ ദിവസം 10 പേര്‍ മരിച്ചിരുന്നു.രണ്ടാം ദിവസവും വെടിവെപ്പില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിനെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി സന്ദര്‍ശിച്ചു. ബുധനാഴ്ച ജനക്കൂട്ടത്തിന് നേരെയുള്ള പോലീസ് വെടിവെപ്പിലാണ് കാളിയപ്പന്‍ എന്ന 22കാരന് അതിദാരുണമായി പരിക്കേറ്റത്.

വെടിയേറ്റ് നിലത്ത് വീണ് വേദനയില്‍ പിടഞ്ഞ കാളിയപ്പനെ പോലീസുകാര്‍ വീണ്ടും അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ലാത്തികൊണ്ട് കുത്തിയശേഷമാണ് പോലീസുകാരിലൊരാള്‍ കാളിയപ്പനോട് അധികം അഭിനയിക്കരുതെന്ന് ആക്രോശിക്കുന്നത്. എഴുന്നേറ്റ് പോകാന്‍ പറഞ്ഞാണ് പോലീസുകാര്‍ കാളിയപ്പനെ മര്‍ദ്ദിച്ചത്. ഇയാളുടെ കാലില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മലിനീകരണവും വന്‍ പാരിസ്ഥിതിക പ്രശ്‌നവുമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റിനെതിരെ പ്രദേശ വാസികള്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസം ഇരുപതിനായിരത്തോളം പേരാണ് കളക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തത്. അതേസമയം തൂത്തുക്കുടി സ്‌റ്റൈര്‍ലൈറ്റ് യൂണിറ്റ് വിപുലീകരണത്തിന് മദ്രാസ് ഹൈക്കോടതി സ്റ്റേ നല്‍കിയിരുന്നു. 1996 ലാണ് സ്‌റ്റൈര്‍ലൈറ്റ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ സമരം ചെയ്യുന്നത്. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാണ് അവരുടെ ആവശ്യം. കമ്പനിക്കെതിരെ ജനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പിഴയടച്ച ശേഷം വീണ്ടും പ്രവര്‍ത്തനം തുടരാനായിരുന്നു ഉത്തരവ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.