1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2018

സ്വന്തം ലേഖകന്‍: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരം; പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. വെടിവെപ്പിലും ലാത്തിച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സമരക്കാര്‍ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. പോലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഘര്‍ഷത്തിനിടെ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ഓഫീസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രക്ഷോഭം ശക്തമായതോടെ 2000 ലേറെ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ അഞ്ചിലേറെ പേര്‍ ഒത്തുചേരരുതെന്നും പൊതു സമ്മേളനങ്ങളോ ജാഥകളോ നടത്താന്‍ പാടില്ലെന്നും 144 ാം വകുപ്പു പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. അത് ലംഘിച്ച് നടത്തിയ പ്രകടനമാണ് പോലീസ് തടഞ്ഞത്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷംരൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷംവീതം ധനസഹായം നല്‍കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ നടന്ന സമരം 100 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രക്ഷോഭകര്‍ പ്രതിഷേധം ശക്തമാക്കിയത്.

1996 ല്‍ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മുതല്‍ പ്ലാന്റ് അധികൃതരും പരിസരവാസികളും തമ്മില്‍ സംഘര്‍ഷം നിലവിലുണ്ട്. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്. പ്ലാന്റ് ജലവും വായുവും മണ്ണും ഒരുപോലെ വിഷമയമാക്കുന്നു എന്നാരോപിച്ചാണ് പ്രക്ഷോഭം നടക്കുന്നത്. കമ്പനിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരാനായിരുന്നു വിധി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.