1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2023

സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുകെയിൽ ഹോം ഓഫിസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തുന്ന റെയ്ഡിൽ സോമർസെറ്റിൽ റസ്റ്ററന്റ് ജീവനക്കാർ അറസ്റ്റിലായി. സോമർസെറ്റിലെ നെയിൽസീ ഹൈ സ്ട്രീറ്റിലെ ‘പോഷ് സ്പൈസ് ഇന്ത്യൻ’ റസ്റ്ററന്റിൽ അനധികൃതമായി ജോലി ചെയ്തിരുന്ന മൂന്നു പേരാണ് അറസ്റ്റിലായത്. റസ്റ്ററന്റ് ഉടമസ്ഥർക്ക് റഫറൽ നോട്ടീസും 60,000 (ഏകദേശം അറുപത് ലക്ഷം ഇന്ത്യൻ രൂപ) പൗണ്ടിന്റെ ഫൈനും ചുമത്തി.

ലെവിഷാമിലെ ഒരു റസ്റ്ററന്റിനെതിരെയും സമാനമായ രീതിയില്‍ നടപടി എടുത്തിട്ടുണ്ട്. ഇമിഗ്രേഷന്‍ കുറ്റങ്ങള്‍ ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 20,000 (ഏകദേശം ഇരുപത് ലക്ഷം ഇന്ത്യൻ രൂപ) പൗണ്ട് വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കി റസ്റ്ററന്റിന് സിവില്‍ പെനാല്‍റ്റി നോട്ടീസും നൽകി. 2023 ജനുവരി മുതല്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ഹോം ഓഫിസ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിൻ പ്രകാരം വിദ്യാർഥി വീസയിൽ എത്തി അനുവദനീയമാതിൽ കൂടുതൽ ജോലി ചെയ്യുന്നവരെയും അവർക്ക് ജോലി നൽകുന്നവരെയും ഹോം ഓഫിസ് നിരീക്ഷിക്കുന്നുണ്ട്. കെയർ ഹോം മേഖലകളിൽ ജോലി നൽകുന്ന ഏജൻസികളാണ് നിരീക്ഷണത്തിലുള്ളത്.

അടുത്തിടെ മരിച്ച കൊട്ടാരക്കര സ്വദേശിയായ വിജിൻ വർഗീസ് താമസിച്ചിരുന്ന ലിവർപൂളിലും വിദ്യാർഥികളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു. യുകെയിൽ താമസിക്കാൻ അവകാശമില്ലാത്തവരെ നീക്കം ചെയ്യുന്നതിലൂടെ അനധികൃത കുടിയേറ്റവും അതുണ്ടാക്കുന്ന ദോഷവും സർക്കാർ മികച്ച രീതിയിൽ കൈകാര്യം ചെയ്യുമെന്ന് ഹോം ഓഫിസ് വക്താക്കൾ പറഞ്ഞു. അനധികൃത കുടിയേറ്റം അതിന്റെ എല്ലാ രൂപത്തിലും നേരിടാൻ നിയമ നിർവഹണ ഏജൻസികളുമായി പ്രവർത്തിക്കുന്നത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.