1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2023

സ്വന്തം ലേഖകൻ: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാര്‍ഥി ക്ലാസ് മുറികളില്‍ കയറി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിലാണ് പൂര്‍വവിദ്യാര്‍ഥി എയര്‍ഗണ്ണുമായെത്തി വെടിയുതിര്‍ത്തത്. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ്മുറികളില്‍ കയറി തോക്കെടുത്ത് മൂന്നുതവണ വെടിയുതിര്‍ക്കുകയുമായിരുന്നു.

സംഭവത്തില്‍ പ്രതിയായ മുളയം സ്വദേശി ജഗന്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാവിലെ 10.15-ഓടെയായിരുന്നു സ്‌കൂളിനെ നടുക്കിയ സംഭവം. പത്തുമണിയോടെ സ്‌കൂളിലെത്തിയ പൂര്‍വവിദ്യാര്‍ഥി ആദ്യം സ്റ്റാഫ് റൂമിലാണ് എത്തിയത്. രണ്ടുകൊല്ലം മുന്‍പ് പഠനം നിര്‍ത്തി പോയപ്പോള്‍ തന്റെ തൊപ്പി ഇവിടെ വാങ്ങിവെച്ചിട്ടുണ്ടെന്നും അത് തിരികെ വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.

ചില അധ്യാപകരെയും പേരെടുത്ത് തിരക്കി. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തി. സ്‌കൂള്‍ കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതിനുപിന്നാലെയാണ് ഇയാള്‍ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് തോക്ക് പുറത്തെടുത്തത്. തുടര്‍ന്ന് ക്ലാസ്മുറികളില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകായിരുന്നു. സംഭവത്തിന് ശേഷം സ്‌കൂളിന്റെ മതില്‍ചാടി രക്ഷപ്പെട്ട ഇയാളെ പോലീസ് സംഘം പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു.

വിവേകോദയം ബോയ്‌സ് സ്‌കൂളില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയ പൂര്‍വവിദ്യാര്‍ഥി രണ്ടുകൊല്ലം മുന്‍പാണ് സ്‌കൂളില്‍ പഠിച്ചിരുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത്. അന്ന് അധ്യാപകരെ അസഭ്യം പറഞ്ഞതടക്കമുള്ള പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പരീക്ഷപോലും എഴുതാതെ പഠനം അവസാനിപ്പിച്ച് ഇയാള്‍ സ്‌കൂള്‍ വിട്ടതായും അധ്യാപകര്‍ പറഞ്ഞു.

സ്റ്റാഫ്‌റൂമില്‍നിന്ന് തോക്കുമായി പുറത്തേക്കുപോയ പൂര്‍വവിദ്യാര്‍ഥി പ്ലസ്ടു ക്ലാസുകളില്‍ കയറിയാണ് വെടിവെപ്പ് നടത്തിയത്. അധ്യാപിക ക്ലാസെടുക്കുന്നതിനിടെ ഇയാള്‍ ക്ലാസില്‍ കയറി വാതിലടച്ചു. എന്താണ് കാര്യമെന്നും ആരാണെന്നും അധ്യാപിക ചോദിച്ചപ്പോള്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന മറ്റൊരു അധ്യാപകനെയാണ് ഇയാള്‍ തിരക്കിയത്. ഈ അധ്യാപകന്‍ ഏത് ക്ലാസിലാണെന്നും തിരക്കി.

സംഭവം കണ്ടപ്പോള്‍ പ്രാങ്ക് വല്ലതും ആണെന്നാണ് കുട്ടികള്‍ കരുതിയത്. ഇതോടെ കുട്ടികള്‍ ചിരിച്ചു. തൊട്ടുപിന്നാലെയാണ് ഇയാള്‍ തോക്ക് എടുത്ത് മുകളിലേക്ക് വെടിയുതിര്‍ത്തതെന്നാണ് അധ്യാപിക പറയുന്നത്. ഇതോടെ കുട്ടികളെല്ലാം ഭയന്നു. പിന്നാലെ ഈ ക്ലാസ്മുറിയില്‍നിന്ന് പുറത്തിറങ്ങി മറ്റുചില ക്ലാസുകളിലും കയറി വെടിയുതിര്‍ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.