1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2023

സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ എല്ലാ സര്‍വീസുള്‍ക്കും 20% കിഴിവ് പ്രഖ്യാപിച്ചു. 2023 സെപ്റ്റംബര്‍ 28 ശനിയാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ നിരക്കിളവ് ബാധകമാണ്.

മാര്‍ച്ച് 15 വരെയുള്ള മടക്കയാത്ര ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് ഈ പ്രമോഷന്‍ ഓഫര്‍ ലഭിക്കും. ഇക്കോണമി ക്ലാസ് നിരക്കുകളില്‍ 20 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നത് സാധാരണക്കാരായ പ്രവാസി യാത്രക്കാര്‍ക്ക് ഗുണകരമാണ്. ബിസിനസ് ക്ലാസ് നിരക്കുകളില്‍ 15 ശതമാനം വരെ കിഴിവുകളും ഒമാന്‍ എയര്‍ വാഗ്ദാനം ചെയ്യുന്നു.

ഗള്‍ഫ് സെക്ടറിലെ മറ്റു വിമാന കമ്പനികളെ അപേക്ഷിച്ച് ഒമാന്‍ എയറില്‍ നിരക്ക് വളരെ കുറവാണ്. 20 ശതമാനം വരെ കിഴിവ് കൂടി ലഭിച്ചാല്‍ നിരക്കും വീണ്ടും കുറയും. കരിപ്പൂരിലേക്ക് സൗദിയില്‍ നിന്ന് നേരിട്ട് സര്‍വീസില്ലാത്തതിനാല്‍ മസ്‌കറ്റ് വഴിയുള്ള ഒമാന്‍ എയറിന്റെ സൗദി-ഒമാന്‍-ഇന്ത്യ കണക്ഷന്‍ സര്‍വീസുകള്‍ മലബാറില്‍ നിന്നുള്ള പ്രവാസികള്‍ ഒമാന്‍ എയര്‍ സര്‍വീസുകളെ കാര്യമായി ആശ്രയിക്കുന്നുണ്ട്.

ഏറ്റവും പുതിയ ആഗോള വില്‍പ്പന കാമ്പെയ്ന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫര്‍. ഒമാന്‍ എയറിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോം പേജില്‍ പ്രൊമോഷന്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്രത്യേക ഓഫര്‍ എല്ലാ വിമാനത്തിലും ലഭ്യമാണെന്നും ഒമാന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ആതിഥേയത്വവും അനുഭവിച്ചറിയാന്‍ നേരത്തേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും കമ്പനി ആഹ്വാനം ചെയ്യുന്നു. ഒമാന്‍ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ്, കോള്‍ കൗണ്ടറുകള്‍, ഒമാന്‍ എയര്‍ നിയോഗിച്ച ട്രാവല്‍ ഏജന്റുമാര്‍ എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഒമാനിലെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള തങ്ങളുടെ വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച മുതല്‍ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഒമാന്‍ എയര്‍ ഓഫറുമായി എത്തുന്നത്. ഇന്ത്യന്‍ മേഖലകള്‍ക്കുള്ള വ്യോമയാന അവകാശ വിഹിതം നല്‍കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്.

ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ സലാം എയര്‍ നിലവില്‍ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളായ കോഴിക്കോട്, തിരുവനന്തപുരം, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. സലാം എയറിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള എല്ലാ ബുക്കിങുകളും നീക്കം ചെയ്തിട്ടുണ്ട്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ ലഭിക്കുമെന്ന് സലാം എയര്‍ അറിയിച്ചതായി ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.