1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2020

സ്വന്തം ലേഖകൻ: ആധുനികജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് പരിഹാരിക്കാമെന്ന് തെളിയിച്ച പതിനഞ്ചുകാരി ഗീതാഞ്ജലി റാവുവിന് ടൈം മാസികയുടെ ആദ്യ കിഡ് ഓഫ് ദ ഇയര്‍ ബഹുമതി. മലിനജലം ശുദ്ധീകരിക്കാനും സൈബര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനും മയക്കുമരുന്നില്‍ നിന്ന് മോചനം നേടാനും തുടങ്ങി നാം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും ഈ ‘കുട്ടി ശാസ്ത്രജ്ഞ’ തന്റേതായ പരിഹാരമാര്‍ഗം കണ്ടെത്തിക്കഴിഞ്ഞു.

അവാര്‍ഡിനായി ടൈം മാസികയുടെ പരിഗണനയ്‌ക്കെത്തിയ അയ്യായിരം പേരില്‍ നിന്നാണ് ഇന്ത്യന്‍-അമേരിക്കനായ ഗീതാഞ്ജലി റാവു തിരഞ്ഞെടുക്കപ്പെട്ടത്. ടൈമിന് വേണ്ടി അഭിനേത്രിയും ആക്ടിവീസ്റ്റുമായ ആഞ്ജലീന ജോളിയാണ് ഗീതാഞ്ജലിയുമായി പ്രത്യേക അഭിമുഖം നടത്തിയത്. തന്റെ പ്രവര്‍ത്തനശൈലിയില്‍ നിരീക്ഷണം, മസ്തിഷ്‌കോദ്ദീപനം, ഗവേഷണം, നിര്‍മാണം, ആശയവിനിമയം എന്നിവ ഉള്‍പ്പെടുന്നുവെന്ന് അഭിമുഖത്തിനിടെ ഗീതാഞ്ജലി പറഞ്ഞു.

ലോകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി യുവഗവേഷകര്‍ ഉള്‍പ്പെടുന്ന ആഗോള സമൂഹനിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്ന് ഗീതാഞ്ജലി റാവു വ്യക്തമാക്കി. എല്ലാ പ്രശ്‌നവും പരിഹരിക്കാനുള്ള ശ്രമം നടത്തുന്നതിന് പകരം നമ്മെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നാണ് ഗീതാഞ്ജലി റാവുവിന്റെ അഭിപ്രായം.

കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്കൊപ്പം കൊവിഡ് മുതല്‍ മനുഷ്യവകാശലംഘനം ഉള്‍പ്പെടെയുള്ള നിരവധി പുതിയ പ്രശ്‌നങ്ങളും തന്റെ തലമുറയില്‍ പെട്ടവര്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് ഗീതാഞ്ജലി പറയുന്നു. ‘കാലാവസ്ഥാ വ്യതിയാനം, സൈബര്‍ ആക്രമണം തുടങ്ങി പുതിയ തലമുറയുടെ ഭാഗത്ത് നിന്ന് സൃഷ്ടിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തേണ്ട ഉത്തരവാദിത്തം നമ്മളിലുണ്ട്. നമുക്ക് ആവേശം തോന്നിപ്പിക്കുന്ന വിഷയങ്ങള്‍ക്ക്, അത് നിസാരമായിക്കൊള്ളട്ടെ, പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് നല്ലത്’- ഈ മിടുക്കിയുടെ വാക്കുകള്‍.

ദിവസേന ഒരു വ്യക്തിയുടെ മുഖത്തെങ്കിലും പുഞ്ചിരി വിടര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും നാം തങ്ങുന്നിടത്ത് പോസിറ്റീവിറ്റി വരുത്താന്‍ ശ്രമിക്കണമെന്നും ഗീതാഞ്ജലി റാവു പറഞ്ഞു. ചാനലുകളില്‍ സ്ഥിരമായി കാണുന്നത് വെളുത്ത വര്‍ഗക്കാരായ, പ്രായമേറിയ ശാസ്ത്രജ്ഞരെയാണ്. ലിംഗം, പ്രായം, ത്വക്കിന്റെ നിറം എന്നിവ അടിസ്ഥാനമാക്കി വ്യക്തികള്‍ക്ക് കര്‍മമേഖല നിശ്ചയിക്കുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും അവള്‍ വ്യക്തമാക്കി.

സാമൂഹികപരിവര്‍ത്തനത്തിന് വേണ്ടി ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് കുട്ടിക്കാലം മുതല്‍ ചിന്തിച്ചിരുന്നതായും പത്ത് വയസ് മാത്രമുള്ളപ്പോള്‍ കാര്‍ബണ്‍ നാനോട്യൂബ് സെന്‍സര്‍ ടെക്‌നോളജിയില്‍ ഗവേഷണം നടത്തണമെന്ന് മാതാപിതാക്കളെ അറിയിച്ചതായും ഗീതാഞ്ജലി പറഞ്ഞു. ഒരു സാധാരണ പതിനഞ്ചുകാരി ചെയ്യുന്നതു പോലെ കേക്കും മറ്റുമുണ്ടാക്കാന്‍ കൊവിഡ് അവധിക്കാലം ചെലവിട്ടതായും കേക്കുണ്ടാക്കുന്നതിലും ഒരു ശാസ്ത്രവശമുണ്ടെന്നും ഗീതാഞ്ജലി കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.