1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2024

സ്വന്തം ലേഖകൻ: ഒരുനൂറ്റാണ്ടുമുമ്പ് കന്നിയാത്രയയില്‍ കടലില്‍ മറഞ്ഞ ടൈറ്റാനിക്കിന് പുനര്‍ജനനം. ഓസ്‌ട്രേലിയന്‍ ഖനിവ്യവസായി ക്ലൈവ് പാല്‍മറുടെ ബ്ലൂ സ്റ്റാര്‍ലൈന്‍ കമ്പനിയാണ് പഴയ ടൈറ്റാനിക്കിന്റെ അതേ മാതൃകയില്‍ പുതിയതു പണിയുന്നത്. ടൈറ്റാനിക്-2ന്റെ രൂപരേഖ പാല്‍മര്‍ ബുധനാഴ്ച പുറത്തുവിട്ടു.

ആദ്യ ടൈറ്റാനിക്കിലെ അതേപോലെയാകും കപ്പലിന്റെ ഉള്‍ഭാഗം. ഒമ്പതുനിലകള്‍, 2,435 യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, 1912-ല്‍ മുങ്ങിപ്പോയ ടൈറ്റാനിക്കിലുണ്ടായിരുന്ന പോലെയുള്ള പടിക്കെട്ട് എന്നിവയൊക്കെ ടൈറ്റാനിക്-2-ലുണ്ടാകും. പഴമയുടെ തനിമയും 21-ാം നൂറ്റാണ്ടിന്റെ സുരക്ഷാസംവിധാനവും കോര്‍ത്തിണക്കിയ കപ്പലാകും ഇതെന്ന് പാല്‍മര്‍ പറഞ്ഞു.

അടുത്തവര്‍ഷം പണിതുടങ്ങും. അക്കൊല്ലം ജൂണില്‍ ടൈറ്റാനിക്കിന്റെ കന്നിയാത്രാപാതയായ സതാംപ്റ്റണില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് ടൈറ്റാനിക്-2 ആദ്യയാത്ര നടത്തും. 2012-ലാണ് പാല്‍മര്‍ ടൈറ്റാനിക് 2 നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 2027 ജൂണില്‍ പുതിയ ടൈറ്റാനിക്ക് നീറ്റിലിറങ്ങുമെന്ന് ബ്ലൂ സ്റ്റാര്‍ലൈന്‍ വ്യക്തമാക്കി.

‘അപ്രതീക്ഷിതമായ വന്നുചേര്‍ന്ന പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് ടൈറ്റാനിക്കിന് രണ്ടിന് ജീവന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ പുനരാരംഭിച്ചതായി സന്തോഷത്തോടെ അറിയിക്കട്ടെ. തീര്‍ച്ചയായും ആദ്യത്തെ ടൈറ്റാനിക്കിനെക്കാള്‍ മഹത്തായ ഒരു കപ്പലായിരിക്കും ഇത്’- ക്ലൈവ് പാല്‍മര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കപ്പല്‍ നിര്‍മ്മിക്കാനുള്ള ടെന്‍ഡറുകള്‍ ക്ഷണിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ ബ്ലൂ സ്റ്റാര്‍ലൈന്‍ കമ്പനി. 2025 ആദ്യത്തോടെ ടെന്‍ഡര്‍ നല്‍കി നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. 1912ലാണ് ബ്രിട്ടനിലെ സതാംപ്റ്റണില്‍നിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്ക് 2200 പേരുമായി പുറപ്പെട്ട ടൈറ്റാനിക്ക് മഞ്ഞുമലയിലിടിച്ച് മുങ്ങിയത്. യാത്രക്കാരില്‍ 1500-ലേറെപ്പേര്‍ മരിച്ചു. കപ്പലിന്റെ കന്നിയാത്രയായിരുന്നു അത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.