1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2021

സ്വന്തം ലേഖകൻ: ജൂലൈയില്‍ നടക്കുന്ന ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മത്സരങ്ങള്‍ക്കു വിദേശ കാണികളെ അനുവദിക്കില്ലെന്നു ജപ്പാന്‍. കോവിഡ്‌-19 വൈറസ്‌ മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ മുന്‍കരുതലായാണു വിദേശ കാണികളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്‌. രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി, രാജ്യാന്തര പാരാലിമ്പിക്‌സ് കമ്മിറ്റി എന്നിവരും ടോക്കിയോ ഗെയിംസ്‌ സംഘാടക സമിതി, ടോക്കിയോ മെട്രോപോലീറ്ററന്‍ ഗവണ്‍മെന്റ്‌ (ടി.എം.ജി.) എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം.

ടിക്കറ്റ്‌ മുന്‍കൂര്‍ വാങ്ങിയ വിദേശീയര്‍ക്കു പണം തിരിച്ചു നല്‍കുമെന്നു സംഘാടക സമിതി വ്യക്‌തമാക്കി. ലോകം കടുത്ത സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്ന്‌ ഐ.ഒ.സി. പ്രസിഡന്റ്‌ തോമസ്‌ ബാഷ്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡ്‌ മൂലം നീട്ടിവച്ചതാണ്‌. ജൂലൈ 23 മുതല്‍ ഓഗസ്‌റ്റ് എട്ട്‌ വരെയാണു ടോക്കിയോ ഒളിമ്പിക്‌സ്.

ഓഗസ്‌റ്റ് 24 മുതല്‍ സെപ്‌റ്റംബര്‍ അഞ്ച്‌ വരെയാണു പാരാലിമ്പിക്‌സ് മത്സരങ്ങള്‍. കഴിഞ്ഞ ദിവസമാണു ഏഴ്‌ ഒളിമ്പിക്‌ മെഡലുകള്‍ക്ക്‌ ഉടമയായ ഹാഷിമോട്ടോ സെയ്‌കോയെ ഗെയിംസ്‌ സംഘാടക സമിതി പ്രസിഡന്റായി എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ തെരഞ്ഞെടുത്തത്‌. ഫെബ്രുവരി 12 നാണു ഗെയിംസ്‌ സംഘാടക സമിതി പ്രസിഡന്റായിരുന്ന യോഷിറോ മോറി രാജിവച്ചത്‌. സ്‌ത്രീകളെ കുറിച്ചുള്ള മോശം പരാമര്‍ശത്തിന്റെ പേരിലായിരുന്നു രാജി.

മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ കായിക താരങ്ങളും ഒഫീഷ്യലുകളും കടുത്ത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരുമെന്നു ഹാഷിമോട്ടോ സെയ്‌കോ വ്യക്‌തമാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പ്രോട്ടോക്കോള്‍ അതേപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.