1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2021

സ്വന്തം ലേഖകൻ: ഒളിംപിക്സ് മത്സരങ്ങൾക്ക് അനൗപചാരിക തുടക്കം. സോഫ്റ്റ് ബോൾ, വനിതാ ഫുട്ബോൾ മത്സരങ്ങളാണ് ആരംഭിച്ചത്. സോഫ്റ്റ് ബോളിൽ ആതിഥേയരായ ജപ്പാൻ ആദ്യ ജയം സ്വന്തമാക്കി. മറ്റന്നാളാണ് അൗദ്യോഗിക ഉദ്ഘാടനമെങ്കിലും ടോക്കിയോയിൽ ഒളിംപിക്സ് പോരാട്ടങ്ങൾ തുടങ്ങി കഴിഞ്ഞു. സോഫ്റ്റ് ബോൾ മത്സരങ്ങളും വനിതാ ഫുട്ബോൾ മത്സരങ്ങളുമാണ് ഇന്ന് നടക്കുന്നത്.

സോഫ്റ്റ് ബോളിൽ ആസ്ട്രേലിയയെ ഒന്നിനെതിരെ എട്ട് റൺസുകൾക്ക് തോൽപ്പിച്ച് ജപ്പാൻ ആദ്യ ജയം സ്വന്തമാക്കി. മറ്റൊരു മത്സരങ്ങളിൽ അമേരിക്കയും കാനഡയും ജയിച്ചു തുടങ്ങി. വനിതാ ഫുട്ബോളിൽ ബ്രസീൽ , ബ്രിട്ടൺ, സ്വീഡൻ എന്നീ ടീമുകൾ ആദ്യ റൗണ്ട് പോരാട്ടങ്ങളിൽ ജയിച്ചുകയറി. മറ്റ് മൂന്ന് മത്സരങ്ങൾ പുരോഗമിക്കുകയാണ്. പുരുഷ ഫുട്ബോള്‍ മത്സരങ്ങളും സോഫ്റ്റ് ബോൾ മത്സരങ്ങളും നാളെ നടക്കും.

അതിനിടെ ഒളിമ്പിക് സംഘാടകരെ ആശങ്കയിലാക്കി ഒളിമ്പിക് വില്ലേജില്‍ വീണ്ടും കോവിഡ് ബാധ. കായിക മാമാങ്കത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചെക്ക് റിപ്പബ്ലിക്ക് ബീച്ച് വോളിബോള്‍ താരം ഓണ്‍ഡ്രെ പെരുസിച്ചിനാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചെക്ക് റിപ്പബ്ലിക്ക് ഒളിമ്പിക് ടീം തലവന്‍ മാര്‍ട്ടിക്ക് ഡൊക്‌റ്റൊറാണ് ഇക്കാര്യം അറിയിച്ചത്.

താരത്തിന് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസവും നടത്തുന്ന കോവിഡ് പരിശോധനയിലാണ് പെരുസിച്ചിന് രോഗം സ്ഥിരീകരിച്ചത്. ഒളിമ്പിക് വില്ലേജില്‍ രോഗം ബാധിക്കുന്ന നാലാമത്തെയാളാണ് പെരുസിച്ച്. കഴിഞ്ഞ ദിവസം രണ്ട് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഒരു വീഡിയോ അനലിസ്റ്റിനും രോഗം സ്ഥിരീകരിച്ചിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ടീമിലെ തബിസോ മോന്യാനെ, കമോഹെലോ മഹ്ലാത്സി എന്നിവര്‍ക്കാണു കോവിഡ് ബാധ കണ്ടെത്തിയത്. ടീമിന്റെ വിഡിയോ അനലിസ്റ്റ് മാരിയോ മാഷയ്ക്കും രോഗം സ്ഥിരീകരിച്ചു. അമേരിക്കന്‍ വനിതാ ജിംനാസ്റ്റിക്‌സ് താരത്തിനും പുതുതായി രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ടോക്യോയ്ക്ക് അടുത്തുള്ള ഇന്‍സായ് എന്ന സ്ഥലത്ത് പരിശീലന ക്യാമ്പിനിടെയാണ് താരാം പോസിറ്റീവ് ആയത്.

ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച നഗരത്തിലെ ആശുപത്രിയില്‍ നടത്തിയ രണ്ടാം ഘട്ട പരിശോധനയ്ക്ക് ശേഷമാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച ജിംനാസ്റ്റിക്‌സ് താരവുമായി അടുത്തിടപഴകിയ മറ്റൊരു താരം ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനിലാണ്. ജാപ്പനീസ് വാര്‍ത്താ ഔട്ട്‌ലെറ്റായ ക്യോഡോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.