
സ്വന്തം ലേഖകൻ: യുകെ ഡെവണിലെ സീറ്റണിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ടോണി സക്കറിയയുടെ (39) പൊതുദർശനം ഡിസംബർ 5 ന് നടത്തും. ഹൊണിറ്റണിലെ ഹോളി ഫാമിലി ചർച്ചിൽ ഉച്ചയ്ക്ക് 12 നാണ് പൊതുദർശനം. യുകെയിൽ ഒപ്പം ജോലി ചെയ്തിരുന്നവർ, സുഹൃത്തുക്കൾ, വിവിധ മലയാളി അസോസിയേഷനുകൾ, ബന്ധുക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് പൊതുദർശനം നടത്തുക. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും മറ്റുമായി സീറ്റണിലെ മലയാളി അസോസിയേഷൻ ഉൾപ്പടെ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തുന്നുണ്ട്.
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ കെ. എ. സക്കറിയ, സൂസമ്മ സക്കറിയ എന്നിവരാണ് ടോണി സക്കറിയയുടെ മാതാപിതാക്കൾ. ഇക്കഴിഞ്ഞ ജൂലൈയിൽ യുകെയിൽ എത്തിയ ടോണി സക്കറിയ എക്സീറ്ററിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. നാട്ടിൽ നഴ്സ് ആയിരുന്ന ഭാര്യ ജിയയ്ക്ക് ആറു മാസം മുൻപ് കെയർ വീസ കിട്ടിയതിനെ തുടർന്ന് ആശ്രിത വീസയിലാണ് ടോണി സക്കറിയയും മക്കളായ അയോണ, അഡോൺ എന്നിവരും സീറ്റണിൽ എത്തിയത്. ഇക്കഴിഞ്ഞ 22 ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ നാട്ടിൽ പോയ ടോണി സക്കറിയ മടങ്ങി എത്തിയത് മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. കഴുത്തിൽ കയർ മുറുകിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മക്കൾ അറിയിച്ചതിനെ തുടർന്ന് ജോലി സ്ഥലത്ത് നിന്ന് എത്തിയപ്പോൾ ടോണിയെ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുക ആയിരുന്നുവെന്നാണ് ഭാര്യ ജിയയുടെ മൊഴിയെന്നാണ് പറയപ്പെടുന്നത്. ഉടൻ തന്നെ കയർ അഴിച്ചു സിപിആർ ഉൾപ്പടെ ഉള്ള പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പറയപ്പെടുന്നു.
ഇവരോടൊപ്പം ജിയയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു മലയാളി യുവാവും താമസിച്ചിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ ടോണിയുടെ മരണത്തിൽ സഹോദരിമാരും മാതാപിതാക്കളും ഉൾപ്പടെയുള്ളവർ സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം സംശയങ്ങൾ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് കൈമാറിയതായി ബന്ധുക്കൾ പറഞ്ഞു. യുകെയിൽ തന്നെ ജോലി ചെയ്യുന്ന ടിൻസി സക്കറിയ (ഡോർസെറ്റ്), ടീന സക്കറിയ (കെന്റ്) എന്നിവരാണ് സഹോദരിമാർ. മനു ജോയി, രഞ്ചു ചാക്കോ എന്നിവരാണ് സഹോദരി ഭർത്താക്കന്മാർ.
ചെറുപ്രായത്തില്‍ ഉള്ള കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം നിമിഷ വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അറിയാനായത്. കുട്ടികള്‍ നാട്ടിലേക്ക് വിഡിയോ കോള്‍ വിളിച്ചപ്പോളാണ് ബന്ധുക്കള്‍ ടോണിയുടെ മരണ വിവരം അറിഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
തുടർനടപടികൾ പൂർത്തിയായാൽ ഡിസംബർ 8 ന് യുകെയിൽ നിന്നും മൃതദേഹം നാട്ടിലേക്ക് അയയ്ക്കും. തുടർന്ന് നാട്ടിൽ എത്തുന്ന മുറയ്ക്ക് സംസ്കാര ചടങ്ങുകൾ നടക്കും. ക്നാനായ യാക്കോബായ സമുദായംഗമായ ടോണിയുടെ സംസ്കാരം ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ വെച്ചാണ് നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല