സ്വന്തം ലേഖകന്‍: മോശം പെരുമാറ്റം; ഇന്ത്യന്‍ വംശജനായ പ്രമുഖ ശാസ്ത്രജ്ഞനെതിരെ യുഎസില്‍ നടപടി. പ്രമുഖ ശാസ്ത്രജ്ഞനും അര്‍ബുദ ഗവേഷകനുമായ ഇന്ദര്‍ വര്‍മയ്‌ക്കെതിരെയാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ കലിഫോര്‍ണിയ സാക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സ് നടപടിയെടുത്തത്. അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വിവേചനപരമായ പെരുമാറ്റത്തിനെതിരെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടി.
അര്‍ബുദം, ജീന്‍ തെറപ്പി മേഖലയില്‍ ലോകത്തിലെ ഏറ്റവും ആധികാരിക സ്വരങ്ങളിലൊന്നാണ് ഇന്ദര്‍ വര്‍മ. സ്ഥാപനത്തിന്റെ രീതികള്‍ക്കും ചട്ടങ്ങള്‍ക്കും നിരക്കാത്ത വിധത്തില്‍ ഇന്ദര്‍ വര്‍മ പെരുമാറിയെന്നുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ ഗവേഷണ, ഭരണച്ചുമതലകളില്‍നിന്നു തല്‍ക്കാലം മാറ്റിനിര്‍ത്തുകയാണെന്നും സാക് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡാന്‍ ലൂയിസ് പറഞ്ഞു.
സാന്‍ ഡിയഗോ ആസ്ഥാനമായുള്ള, തൊഴില്‍നിയമ – കണ്‍സല്‍റ്റേഷന്‍ സ്ഥാപനമായ റോസ് ഗ്രൂപ്പാണു വര്‍മയ്‌ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നത്. ശാസ്ത്ര പ്രസിദ്ധീകരണമായ പ്രൊസീഡിങ്‌സ് ഓഫ് ദ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ (പിഎന്‍എഎസ്) എഡിറ്റര്‍ കൂടിയായ ഇന്ദര്‍ വര്‍മ നാലുമാസമായി അവധിയിലാണ്.
താന്‍ ആരോടും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് ഇന്ദര്‍ വര്‍മയുടെ നിലപാട്. ഇന്ത്യയിലെ വിവിധ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ ഭരണസമിതിയംഗം കൂടിയാണ് അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല