
സ്വന്തം ലേഖകൻ: യുഎസിൽ ബിസിനസ്/ ടൂറിസ്റ്റ് വീസയിൽ (ബി1, ബി2) എത്തുന്നവർക്കു പുതിയ ജോലിക്ക് അപേക്ഷിക്കാനും അഭിമുഖത്തിൽ പങ്കെടുക്കാനും അനുമതി. ജോലി ലഭിച്ചാൽ, ചേരും മുൻപ് തൊഴിൽവീസയിലേക്കു മാറണം. ബി 1 വീസ ഹ്രസ്വകാല ബിസിനസ് യാത്രയ്ക്കുള്ളതാണ്. ടൂറിസ്റ്റ് വീസയാണ് ബി2. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ അടക്കം യുഎസ് കമ്പനികൾ ഇന്ത്യക്കാരടക്കം ആയിരക്കണക്കിനു വിദേശജീവനക്കാരെ കഴിഞ്ഞമാസങ്ങളിൽ പിരിച്ചുവിട്ടിരുന്നു.
എച്ച്–1ബി വീസയിലുള്ള ഇവരെല്ലാം നിലവിലെ നിയമപ്രകാരം 60 ദിവസത്തിനകം മറ്റൊരു ജോലി കിട്ടുന്നില്ലെങ്കിൽ രാജ്യം വിടണം. ഇവർക്കു ബി വീസയിലേക്കു മാറാം. ഇവർക്ക് 60 ദിവസത്തിനുശേഷവും രാജ്യത്തു തുടരാനാണു ബി വീസകൾക്ക് ഇളവു നൽകുന്നതെന്ന് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. എന്നാൽ, പുതിയ ജോലിയിൽ ചേരുന്നതിനു മുൻപ് വീസ മാറ്റാനുളള അപേക്ഷ നൽകണമെന്നും തൊഴിൽവീസയിലേക്കു മാറാനുള്ള അനുമതി ലഭിക്കുന്നില്ലെങ്കിൽ രാജ്യം വിട്ടശേഷം തൊഴിലുടമ നൽകുന്ന വീസയിൽ തിരിച്ചെത്താമെന്നും അധികൃതർ വ്യക്തമാക്കി.
ഒട്ടേറെ ഇന്ത്യൻ പ്രഫഷനലുകൾക്കു പൊടുന്നനെ തൊഴിൽ നഷ്ടപ്പെട്ട സാഹചര്യത്തിൽ എച്ച്–1ബി വീസക്കാർക്കു രാജ്യത്തു തുടരാനുള്ള അനുമതി 2 മാസമെന്നത് ഒരു വർഷമാക്കി ഉയർത്തണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ സമൂഹം കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡനു നിവേദനം നൽകിയിരുന്നു. യുഎസ് കമ്പനികളിൽ ജോലിയെടുക്കാൻ വിദേശികൾക്ക് അനുവദിക്കുന്ന വീസയാണു എച്ച്–1ബി. ഈ വീസയിലെത്തുന്നവരിൽ ഏറെയും ഇന്ത്യക്കാരും ചൈനക്കാരുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല