
സ്വന്തം ലേഖകൻ: വിദേശ ലൈസൻസ് ഉപയോഗിച്ച് വിനോദസഞ്ചാരികൾക്ക് ഒമാനിൽ വാഹനമോടിക്കാം. ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസംവരെ ഈ സേവനം പ്രയോജനപ്പെടുത്താം. അന്താരാഷ്ട്ര ലൈസൻസുള്ളവർക്കും ഒമാൻ അംഗീകരിച്ച മറ്റുരാജ്യങ്ങളിലെ ലൈസൻസുമുള്ള വിനോദ സഞ്ചാരികൾക്കും ആയിരുന്നു ഇതുവരെ ഒമാനിൽ വാഹനമോടിക്കാൻ അനുവാദമുണ്ടായിരുന്നത്.
തീരുമാനം ഒമാനിലെ ടൂറിസം രംഗത്തിന് ഗുണം ചെയ്യുമെന്നാണ് ടൂറിസം മേഖലയിലുള്ളവർ പറയുന്നത്. റെന്റ് എ കാർ വിപണിയെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനം സഹായകമാകും എന്നാണ് കരുതുന്നത്. മഹാമരിക്ക് ശേഷം ടൂറിസം രംഗം ഉണർവിന്റെ പാതയിലാണ്.വിനോനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2021ൽ, 103 രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസത്തേക്ക് ഒമാൻ വീസയില്ലാതെ രാജ്യം സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു.
തീരുമാനം നല്ലതാണെന്നും ഇത് ടൂറിസത്തെയും റെന്റ് എ കാർ വിപണിയെയും പുനരുജ്ജീവിപ്പിക്കുമെന്നും അൽ ഖൂദിലെ വാടകക്ക് കാർ കൊടുക്കുന്ന സ്ഥാപനത്തിലെ അഹമ്മദ് അൽ കൽബാനി പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര ലൈസൻസ് ഉള്ളവർക്കാണ് കാർ വാടകക്ക് കൊടുക്കാൻ താൽപര്യമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വിശാലമായ ഭൂപ്രകൃതിയുള്ള ഒമാൻ ചുറ്റിക്കറങ്ങാൻ വിനോദസഞ്ചാരികളെ സഹായിക്കുന്നതാണ് പുതിയ തീരുമാനമെന്ന് കോസ്മോ ട്രാവൽസ് ഒമാൻ കൺട്രി മാനേജർ റംഷീദ് മനന്തല പറഞ്ഞു. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു. റെന്റ് എ കാർ വിപണിയെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനം സഹായകമാകുമെന്ന് മസ്കത്തിലുള്ള കാർ വാടകക്ക് കൊടുക്കുന്ന സ്ഥാപന ഉടമ ഉടമ നാസർ അൽ റഹ്ബിയും പറഞ്ഞു. മഹാമാരിക്കുശേഷം ടൂറിസം രംഗം ഉണർവിന്റെ പാതയിലാണ്. കൂടുതൽ സഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുൽത്താനേറ്റിന്റെ റോഡുകൾ സുരക്ഷിതവും ലോകനിലവാരമുള്ളതുമാണെന്ന് ഡ്രൈവിങ് ഇൻസ്ട്രക്ടർ നാസർ അൽ ഹൊസാനി പറഞ്ഞു. ഇത് വിനോദ സഞ്ചാരികൾക്ക് സാഹചര്യങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ സഹായിക്കും. തീരുമാനം ടൂറിസം മേഖലക്ക് ഗുണം ചെയ്യും. സമ്പദ്വ്യവസ്ഥയെ ഉയർത്തുകയും വിനോദസഞ്ചാരികൾക്ക് സുൽത്താനേറ്റിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല