
സ്വന്തം ലേഖകൻ: ഡെൻമാർക്കിൽ നികുതി വെട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ സഞ്ജയ് ഷായ്ക്ക് 125 കോടി ഡോളർ (10,000 കോടി രൂപ) പിഴയിട്ട് ദുബായ് കോടതി. ബ്രിട്ടിഷ് പൗരത്വമുള്ള സഞ്ജയ് ഷാ ഏതാനും വർഷങ്ങളായി ദുബായിലാണു താമസം. ഡെൻമാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പാണ് സഞ്ജയ് ഷാ നടത്തിയതെന്നു ഡെൻമാർക്ക് നികുതി വകുപ്പ് ഹർജിയിൽ പറയുന്നു. പ്രതിയെ കൈമാറണമെന്ന ഡെൻമാർക്കിന്റെ ഹർജി കോടതി നിരസിച്ചു.
170 കോടി ഡോളറിന്റെ നികുതി വെട്ടിപ്പാണ് ഇയാൾ നടത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു ഷായുടെ വക്താവ് ജാക്ക് ഇർവിൻ പറഞ്ഞു. ഡാനിഷ് കമ്പനിയിൽ ഓഹരിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 2012 മുതൽ തുടർച്ചയായ 3 വർഷം നികുതി റീഫണ്ട് ഇയാൾ കൈപ്പറ്റിയെന്നാണ് ആരോപണം. തട്ടിപ്പിനു ശേഷം ഡെൻമാർക്ക് വിട്ട ഷാ ദുബായിലെ പാം ജുമൈറയിലേക്കു താമസം മാറ്റി. 2018ൽ ആണ് ഡെൻമാർക്ക് നികുതി വകുപ്പ് ദുബായിൽ കേസ് ഫയൽ ചെയ്തത്. 190 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ഡെൻമാർക്ക് വാദിച്ചത്.
സഞ്ജയ് ഷായെ നാടുകടത്തുന്നത് തടഞ്ഞ കോടതിവിധിക്കെതിരെ അപ്പീലുമായി ദുബൈ അറ്റോർണി ജനറൽ. സഞ്ജയ് ഷാക്ക് ദുബൈയിൽ തുടരാൻ കോടതി തിങ്കളാഴ്ചയാണ് അനുമതി നൽകിയത്. ഡെന്മാർക്കിന്‍റെ ആവശ്യമനുസരിച്ച് തട്ടിപ്പ് കേസിൽ പ്രതിയായ ഇയാളെ ദുബൈ പൊലീസ് ജൂണിലാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, കോടതി ദുബൈയിൽ തുടരാൻ അനുമതി നൽകിയതോടെ നാടുകടത്തുന്നത് തടസ്സപ്പെട്ടിരിക്കയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല