1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2022

സ്വന്തം ലേഖകൻ: കോൾ വരുമ്പോൾ ഫോൺ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തുടങ്ങിയെന്ന് റിപ്പോർട്ട്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോർഡ് അനുസരിച്ചായിരിക്കും പേര് കാണിക്കുക. ഇത് സംബന്ധിച്ചുള്ള ട്രായിയുടെ കൺസൾട്ടേഷൻ പേപ്പർ അടുത്ത ആഴ്ച തന്നെ തയാറാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.‌

ഇത് നടപ്പിലാകുമ്പോൾ കോളറിന്റെ പേര് ഫോണിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നവരുടെ പേര് വിവരങ്ങൾ അറിയാൻ കഴിയും. നിലവിൽ, ചില ഉപയോക്താക്കൾ ട്രൂകോളർ പോലുള്ള ആപ്പുകൾ വഴി ഒരു അജ്ഞാത കോളറുടെ ഐഡന്റിറ്റി തിരിച്ചറിയുന്നുണ്ട്. എന്നാൽ, ട്രൂകോളർ പോലുള്ള ആപ്പുകൾക്കും പരിമിതിയുണ്ട്. ഡേറ്റാ ക്രൗഡ് സോഴ്‌സ് ചെയ്‌തതാണ് ഇതെല്ലാം പ്രവർത്തിക്കുന്നത്. എന്നാൽ, കെ‌വൈ‌സി ഡേറ്റയിൽ എല്ലാം ഉറപ്പുനൽകുന്നുണ്ട്.

ആരെങ്കിലും വിളിക്കുമ്പോൾ കോൾ ലഭിക്കുന്നയാളുടെ ഫോൺ സ്‌ക്രീനുകളിൽ പേര് കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടൻ ചര്‍ച്ച നടത്തി റിപ്പോർട്ട് തയാറാക്കിയേക്കും. ടെലികോം ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോം (DoT) ൽ നിന്ന് ഇതേക്കുറിച്ച് കൂടിയാലോചന ആരംഭിക്കുന്നതിനുള്ള ഒരു നിർദേശം നേരത്തേ തന്നെ ട്രായിക്ക് ലഭിച്ചിരുന്നു.

ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പരിൽ നിന്നു കോൾ വന്നാൽ പേരു ദൃശ്യമാക്കുന്ന ട്രൂകോളർ സ്വകാര്യ ആപ് സേവനം ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്. അതേസമയം, ട്രായിയുടെ പുതിയ സംവിധാനം കെവൈസിയിലെ പേരുകൾ അനുസരിച്ചായിരിക്കും കാണിക്കുക.

ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. അതിൽ ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണു ട്രൂകോളർ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക എന്നത് വലിയ മാറ്റമാണ് കൊണ്ടുവരിക. ക്രൗഡ് സോഴ്‌സിങ് ഡേറ്റയെ അടിസ്ഥാനമാക്കി കോളർമാരെ തിരിച്ചറിയുന്ന ചില ആപ്പുകളേക്കാൾ കൂടുതൽ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും കെവൈസി പ്രകാരം വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കുമെന്നതിനാൽ ഈ നീക്കം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു.

ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് ചോരുന്നതും സ്വകാര്യ സേവനങ്ങള്‍ വന്‍തോതില്‍ ഡേറ്റ ശേഖരിക്കാന്‍ കഴിയുന്ന സാഹചര്യവും പുതിയ സംവിധാനത്തിന്റെ വരവോടെ ഇല്ലാതായേക്കും. ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കെവൈസി ഉപയോഗിച്ചുള്ള കോളര്‍ ഐഡി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അറിയാത്ത നമ്പറിൽ നിന്ന് വിളിവന്നാൽപോലും ആളെ മനസ്സിലാക്കി വേണമെങ്കിൽ കോൾ എടുക്കാനും കട്ട് ചെയ്യാനും സാധിക്കും.

ശല്യമാകുന്ന കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി) അല്ലെങ്കിൽ സ്പാം കോളുകളും സന്ദേശങ്ങളും തടയാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ട്രായി നടപ്പിലാക്കുന്നുണ്ട്. കെവൈസി അടിസ്ഥാനമാക്കിയുള്ള കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വർധിച്ചുവരുന്ന സ്പാം കോളുകൾ, തട്ടിപ്പുകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുമെന്ന് വിദഗ്ധർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.