1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2019

സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ മെല്‍ബണിലുമുണ്ട് തിരുവിതാംകൂര്‍ (ട്രാവന്‍കൂര്‍) എന്നൊരു സ്ഥലം. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകനായ കോര അബ്രഹാമാണ് മെല്‍ബണിലെ ട്രാവന്‍കൂറിനെക്കുറിച്ച് ട്വീറ്റ് ചെയ്‍തത്. എഴുത്തുകാരനായ മനു എസ് പിള്ള കൂടി കടന്നുവന്നതോടെ നിരവധി പേരാണ് ഗൂഗിളില്‍ മെല്‍ബണിലെ ഈ ട്രാവന്‍കൂര്‍ തിരഞ്ഞു ചെന്നത്.

മെല്‍ബണിലെ ഒരു പ്രാന്തപ്രദേശമാണ് ട്രാവന്‍കൂര്‍. മെല്‍ബണിന്‍റെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍നിന്നും അധികം അകലെയല്ല ഈ ട്രാവന്‍കൂര്‍. ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ 2016 -ലെ സെന്‍സസ് പ്രകാരം ഈ ട്രാവന്‍കൂറിലെ ജനസംഖ്യ 2480 ആണ്. ഇതിലേറെപ്പേരുടെയും മുന്‍ഗാമികള്‍ ചൈനീസ് വംശജരും, 17.4 ശതമാനം. ഇംഗ്ലീഷുകാര്‍ 14.3 ശതമാനം, ഓസ്ട്രേലിയന്‍ 10.7 ശതമാനം, ഇന്ത്യന്‍ 6.8 ശതമാനം, ഐറിഷ് 6.7 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവർ.

എഴുത്തുകാരനും ചരിത്രകാരനുമായ മനു എസ്. പിള്ള പറയുന്നത്, അദ്ദേഹം മെല്‍ബോണിലെ ഈ ട്രാവന്‍കൂറിന് പേര് ലഭിച്ചതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടിട്ടില്ല എന്നാണ്. എന്നാല്‍, പറഞ്ഞുകേട്ട ഒരു കഥയും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ്, ഒരു കുതിര വ്യാപാരി അന്നത്തെ ട്രാവന്‍കൂറില്‍ വ്യാപാരത്തിനായെത്തിയിരുന്നു. ഹെന്‍‍റി മഡന്‍ എന്നുപേരായ ആ കുതിരവ്യാപാരി തിരുവിതാംകൂര്‍ നായര്‍ ബ്രിഗേഡിലേക്ക് കുതിരകളെ വില്‍പ്പനയും ചെയ്തിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാകണം, ഹെന്‍‍റി ഒരു 200 ഏക്കര്‍ എസ്റ്റേറ്റ് മെല്‍ബണില്‍ വാങ്ങിയത്. അവിടെ ഒരു ബംഗ്ലാവും പണിതു. അതിന് പേരും നല്‍കി, ‘തിരുവിതാംകൂര്‍ ബംഗ്ലാവ്’. പിന്നീട്, 1920 -ല്‍ ഇതൊരു സ്‍കൂളായി. പക്ഷേ, ഭൂമിയിലേറെയും അപ്പോഴേക്കും വിറ്റുപോയിരുന്നു. പിന്നീട് പയ്യെപ്പയ്യെ അവിടെ ചില കുടുംബങ്ങള്‍ താമസിക്കുകയും അതൊരു ഗ്രാമം പോലെയായി മാറുകയും ചെയ്‍തു. അന്നത്തെ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹെന്‍‍റി ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെ കുറിച്ച് വിശദമാക്കുന്നുണ്ട്. തന്‍റെ ഈ ഫാം വര്‍ഷങ്ങളോളം ഇന്ത്യയിലേക്കുള്ള കുതിരകളെ കയറ്റി അയക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നതായും അദ്ദേഹം പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.