1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2017

സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ ചൈന നിലക്കു നിര്‍ത്തിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അമേരിക്കക്ക് അറിയാമെന്ന് ട്രംപ്, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എസ് സൈനികാഭ്യാസം. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികള്‍ക്കെതിരെ ചൈന നടപടിയെടുക്കുന്നില്ലെങ്കില്‍ അമേരിക്ക സ്വന്തംനിലക്ക് മുന്നോട്ടു പോകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് മുന്നറിയിപ്പു നല്‍കിയത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു തൊട്ടു മുമ്പാണ് ട്രംപിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ‘ഉത്തര െകാറിയക്കുമേല്‍ വലിയ സ്വാധീനമുള്ള രാജ്യമാണ് ചൈന. അവര്‍ക്ക് ഒന്നുകില്‍ ഇക്കാര്യത്തില്‍ യു.എസിനെ സഹായിക്കാം അല്ലെങ്കില്‍ സഹായിക്കാതിരിക്കാം. സഹായിക്കുകയാണെങ്കില്‍ അത് ചൈനക്ക് ഗുണകരമാകും. ഇല്ലെങ്കില്‍ ആര്‍ക്കുമത് ഗുണം ചെയ്യില്ല,’ അഭിമുഖത്തില്‍ ട്രംപ് തുറന്നടിച്ചു.

ദക്ഷിണ കൊറിയയിലെ യു.എസ് സൈനിക സാന്നിധ്യം കുറക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. ഉത്തര കൊറിയക്കെതിരെ നേരിട്ടുള്ള സൈനിക നടപടിക്ക് അമേരിക്ക ഇപ്പോള്‍ ഒരുങ്ങില്ലെന്നാണ് സൂചന. ട്രംപും ജിന്‍പിങ്ങും തമ്മിലെ ചര്‍ച്ചയില്‍ ദക്ഷിണ ചൈന കടല്‍ തര്‍ക്കവും ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികളും പ്രധാന വിഷയങ്ങളാകുമെന്നാണ് വിലയിരുത്തല്‍.

അതിനിടെ ഉത്തര കൊറിയയുടെ മുങ്ങിക്കപ്പലുകളുടെ ഭീഷണി തടയുന്നതിന് ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എസ് എന്നിവര്‍ സംയുക്ത നാവികാഭ്യാസം നടത്തി. മൂന്നു ദിവസം നീണ്ട അഭ്യാസത്തില്‍ 800 സൈനിക ട്രൂപ്പുകള്‍ പങ്കാളികളായി. സമുദ്രതലത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് അഭ്യാസമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.