സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാറിന്റെ ആത്മാവ് ഉള്‍ക്കൊണ്ടിട്ടില്ല, ഒബാമയും ഇറാനുമായി ഒപ്പുവച്ച ആണവ കരാറിനെതിരെ ട്രംപ്. നോര്‍ത്ത് കൊറിയയുമായുള്ള ആണവ കാര്യ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കെ ഇറാനുമായും കൊമ്പുകോര്‍ക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2015 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഒപ്പുവച്ച ആണവ കരാറിനെ മുന്‍നിര്‍ത്തിയാണ് ഇറാനെതിരെ ആരോപണങ്ങളുമായി ട്രംപ് രംഗത്തെത്തിയത്.
ഇറാന്‍ കരാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്, കരാര്‍ ഭീതിജനകവും തെറ്റായ നിര്‍ദ്ദേശങ്ങള്‍ ഉള്ളതുമാണെന്ന് തുറന്നടിച്ചു. വന്‍ശക്തികളുമായി ഉണ്ടാക്കിയ ആണവകരാറിന്റെ ആത്മാവ് ഉള്‍ക്കൊണ്ടിട്ടില്ലെന്നും ഇറാനുമായുള്ള ആണവകരാര്‍ വലിയ ദോഷകാരിയാണെന്നും അതില്‍ ഒപ്പുവെക്കാതിരിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ എന്റിലോമിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള ബന്ധത്തിലും ആണവകരാര്‍ നിലനിര്‍ത്തണോ വേണ്ടയോ എന്നതിലും പുനരാലോചന നടത്തുമെന്നും പ്രസ്തുത കരാറിനെ ദുരന്തമെന്ന് വിശേഷിപ്പിക്കാറുള്ള ട്രംപ് കൂട്ടിച്ചേര്‍ത്തു. ആണവ പരിപാടികളില്‍ ഇറാന്‍ പിന്നോട്ടടിച്ചെങ്കിലും പൂര്‍ണമായിട്ടത് നിര്‍ത്തിയിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ ആണവ മോഹങ്ങള്‍ ലോക സമാധാനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം അമേരിക്ക അവരുടെ സമീപനത്തില്‍ മാറ്റം വരുത്തണമെന്നും വ്യവസ്ഥകള്‍ പാലിക്കണമെന്നും ടില്ലേഴ്‌സണിന്റെ പരാമര്‍ശങ്ങളോട് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ളരീഫ് പ്രതികരിച്ചു. സമഗ്രമായ പ്രവര്‍ത്തന പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ഉറപ്പുകള്‍ പാലിക്കുന്നതില്‍ നിന്ന് ഇറാനെ തെറ്റിക്കാന്‍ പഴകിയ അമേരിക്കന്‍ ആരോപണങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇറാനെ ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ കമ്മിറ്റി ചെയര്‍മാന്‍ എഡ് റോയ്‌സ് നേരത്തേ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല