1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2019

സ്വന്തം ലേഖകൻ: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കെതിരായ സൈനിക നടപടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തത്സമയം കണ്ടിരുന്നതായി റിപ്പോര്‍ട്ട്. ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതസംഘം ഇത് വൈറ്റ്ഹൗസിലിരുന്നു തത്സമയം കണ്ടിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2011-ല്‍ ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയ സൈനിക നടപടിയും അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ, സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം തത്സമയം കണ്ടിരുന്നു. ‘ഓപ്പറേഷന്‍ ജെറോനിമോ’ എന്നു പേരിട്ടിരുന്ന സൈനിക നീക്കമായിരുന്നു ബിന്‍ലാദനെതിരെ യു.എസ് സൈന്യം നടത്തിയത്. പാക്കിസ്ഥാനിലെ അബാട്ടാബാദില്‍ കഴിഞ്ഞിരുന്ന ലാദനെ 2011 മേയ് രണ്ടിനാണു കൊലപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ നിന്നു പറന്നെത്തിയ യു.എസിന്റെ ‘സീല്‍സ്’ കമാന്‍ഡോ സംഘമാണ് ഈ നീക്കം നടത്തിയത്. 23 കമാന്‍ഡോകള്‍ ലാദന്‍ ഒളിവില്‍ക്കഴിഞ്ഞ കോട്ടയ്ക്കു തുല്യമായ വസതി വളയുകയും ഏറ്റുമുട്ടല്‍ നടത്തുകയുമായിരുന്നു. യു.എസ് സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഇന്നലെ ട്രംപ് വ്യക്തമാക്കിയിരുന്നു. സൈനിക നടപടി രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു.

ബാഗ്ദാദിയുടെ പ്രധാന അനുയായികള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈനിക നടപടി അമേരിക്കയുടെ നേട്ടമാണെന്നും ട്രംപ് വ്യക്തമാക്കി. ബാഗ്ദാദിയുടെ കേന്ദ്രത്തില്‍ നിന്നും 11 കുട്ടികളെ മോചിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. ‘ഒരു വലിയ സംഭവം നടന്നിരിക്കുന്നു’ എന്നും വൈകീട്ട് ആറുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും ട്രംപ് പറഞ്ഞിരുന്നു. ശേഷമാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായി ട്രംപ് സ്ഥിരീകരിച്ചത്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയാണ് സിറിയയിലെ ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്. തുടര്‍ന്ന് താവളം ലക്ഷ്യംവെച്ച് ആക്രമണം നടത്തിയെങ്കിലും പിടിക്കപ്പെടുന്നതിന് മുമ്പ് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയാണ്. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചതോടെ മാധ്യമങ്ങളൂടെ ശ്രദ്ധാ കേന്ദ്രമായി മാറുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.