
സ്വന്തം ലേഖകൻ: മാസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന കൊവിഡ് സാമ്പത്തിക ദുരിതാശ്വാസ പാക്കേജില്‍ നിന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറി. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ഉത്തേജക പാക്കേജ് ചര്‍ച്ചകള്‍ അടിയന്തിരമായി അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് നിര്‍ദ്ദേശം നല്‍കിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരമൊരു കരാറിലെത്താന്‍ നാളുകളായി ഇരു വിഭാഗവും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അഭിപ്രായ സമന്വയം വൈകിയതിനെത്തുടര്‍ന്ന്, സ്പീക്കർ നാന്‍സി പെലോസി വരെ നേരിട്ട് ഇക്കാര്യത്തില്‍ ഇടപെട്ടു നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇനിയൊരു തീരുമാനം വേണ്ടെന്നു ട്രംപ് പറഞ്ഞത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി കൊവിഡ് സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. നിരവധി പേരുടെ പ്രതീക്ഷകള്‍ക്കാണ് ട്രംപിന്റെ ട്വീറ്റ് മങ്ങലേല്‍പ്പിച്ചത്. ‘തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇനിയൊരു ചര്‍ച്ച വേണ്ടെന്നു ഞാന്‍ എന്റെ പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ഞാന്‍ വിജയിച്ചയുടനെ, കഠിനാധ്വാനികളായ അമേരിക്കക്കാരെയും ചെറുകിട ബിസിനസ്സിനെയും കേന്ദ്രീകരിക്കുന്ന ഒരു പ്രധാന ഉത്തേജക ബില്‍ പാസാക്കും’ ട്രംപ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.
ട്രംപിന്റെ സന്ദേശം നിയമനിര്‍മ്മാതാക്കളെ അമ്പരപ്പിച്ചു – പ്രത്യേകിച്ചും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍, ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി എന്നിവര്‍ റിപ്പബ്ലിക്കന്മാരുമായും ഡെമോക്രാറ്റുകളുമായും ദിവസങ്ങളായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കൂടാതെ ഈ നീക്കം സാമ്പത്തിക വീണ്ടെടുക്കലിനെ അപകടത്തിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
കോണ്‍ഗ്രസ് പാസാക്കിയ 2.2 ട്രില്യണ്‍ ഡോളര്‍ പണം വലിയ തോതില്‍ ചെലവഴിച്ച് ഏതാണ്ട് തീർന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ കൂടുതല്‍ പിന്തുണ അനിവാര്യമാണെന്ന് സാമ്പത്തിക കരുതല്‍ വിദഗ്ധര്‍ പറയുന്നു. ട്രംപിന്റെ പെട്ടെന്നുള്ള നീക്കം റിപ്പബ്ലിക്കന്‍മാരെപ്പോലും ആശയക്കുഴപ്പത്തിലാക്കി. ദുരിതാശ്വാസ നടപടികള്‍ക്കായി ഏകദേശം മൂന്നു ട്രില്യണ്‍ ഡോളര്‍ ചെലവഴിക്കാനുള്ള ബില്‍ പാസാക്കാന്‍ ഹൗസ് ഡെമോക്രാറ്റുകള്‍ മേയ് മാസത്തില്‍ നീക്കം നടത്തിയതിന് ശേഷമാണ് പുതിയ സംഭവ വികാസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല