
സ്വന്തം ലേഖകൻ: ക്രിസ്മസ് അവധി കഴിഞ്ഞാൽ യുഎസിൽ തൊഴിലില്ലായ്മ വേതനം മുടങ്ങിയേക്കുമെന്ന ആശങ്ക യാഥാർഥ്യമാകുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദുരിതാശ്വാസ ബിൽ ഇപ്പോഴും അനിശ്ചിതമായി തുടരുന്നതിനിടെ തൊഴിലില്ലായ്മ സഹായത്തിന്റെ പരിധിയും കാലാവധിയും ശനിയാഴ്ചയോടു കൂടി അവസാനിച്ചു. 900 ബില്യൻ ഡോളറിന്റെ പാന്‍ഡെമിക് ദുരിതാശ്വാസ ബില്ലാകട്ടെ ട്രംപിന്റെ ഒപ്പിനായി കാത്തിരിപ്പാണ്.
ദുരിതാശ്വാസ പാക്കേജ് കോണ്‍ഗ്രസ് പാസാക്കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ട്രംപ് ഒപ്പിട്ടിട്ടില്ല. താൻ മനസ്സില്‍ കണ്ട പലതും പാക്കേജില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രസിഡന്റിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതോടെ സമരം ചെയ്യുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും.
വിപുലമായ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ്, ഉഭയകക്ഷി പിന്തുണയോടെ പാസാക്കിയതിനാൽ മാര്‍ച്ച് വരെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയുമായിരുന്നു. ഡിസംബര്‍ അവസാന ആഴ്ച അവസാനിച്ച തൊഴിലില്ലായ്മ വേതനം പുതിയ പാക്കേജില്‍ ലഭ്യമായിരുന്നു താനും. ആഴ്ചയില്‍ 300 ഡോളര്‍ എന്ന നിരക്കില്‍ സാധാരണ സംസ്ഥാന ആനുകൂല്യത്തിന് മുകളിൽ തൊഴിലില്ലായ്മ വേതനം നൽകാനാണ് ബില്ലിൽ വ്യവസ്ഥയുള്ളത്.
പാൻഡമിക്ക് അൺഎംപ്ലോയ്മെന്റ് അസിസ്റ്റൻസ് പ്രോഗ്രാമിൽ 7.3 ദശലക്ഷം പേർക്കും പാൻഡമിക്ക് എമർജൻസി അൺഎംപ്ലോയ്മെന്റ് കോംപൻസേഷൻ പ്രോഗ്രാമിൽ 4.6 ദശലക്ഷം തൊഴിൽരഹിതർക്കുമാണ് ഡിസംബര്‍ 26 വരെ തൊഴിലില്ലായ്മ വേതനം ലഭിച്ചത്. ബില്ലില്‍ ഒപ്പിടാന്‍ പ്രസിഡന്റ് വിസമ്മതിച്ചതിനാല്‍ വര്‍ഷാവസാനത്തോടെ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച മൊറട്ടോറിയം കാലഹരണപ്പെടും.
ബില്‍ പാസാക്കിയ നടപടി കോണ്‍ഗ്രസ് അംഗീകരിച്ച് ഏകദേശം 24 മണിക്കൂറിനുശേഷം, ട്രംപ് വൈറ്റ് ഹൗസില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ഇതൊരു അപമാനമാണെന്ന് പ്രഖ്യാപിച്ചു. നേരിട്ടുള്ള പേയ്‌മെന്റുകള്‍ മുതിര്‍ന്നവര്‍ക്ക് മൂന്നിരട്ടിയിലധികം ആയിരിക്കണമെന്ന (900 ഡോളർ) ഫണ്ടിങ് ബില്ലിലെ വ്യവസ്ഥകളോടാണ് ട്രംപ് മുഖം തിരിച്ചത്.
ഭരണതലത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനാൽ തൊഴിലില്ലായ്മ വേതനം ലഭിക്കുക എളുപ്പമല്ല. കലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവരെയാണ് ഇതു സാരമായി ബാധിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല