1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2019

സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ വിവാദം; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; ഭരണഘടനാ വിരുദ്ധമെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പോള്‍. അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ട്രംപിന്റെ നീക്കം. മെക്‌സിക്കോയില്‍നിന്നുള്ള ലഹരി മരുന്ന് കടത്തും അനധികൃത കുടിയേറ്റവും രാജ്യത്തിന്റെ സുരക്ഷയ്ക്ക് വിഘാതമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മെക്‌സിക്കന്‍ മതിലിനുവേണ്ടി ട്രംപ് നിലപാടെടുത്തിരിക്കുന്നത്.

മെക്‌സിക്കന്‍ മതിലിനുവേണ്ടി പണം അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. മെക്‌സിക്കന്‍ മതില്‍ നിര്‍മ്മിക്കാന്‍ ഫണ്ട് ലഭ്യമാക്കുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ മറികടന്ന് ഫണ്ട് വിനിയോഗിക്കാനുള്ള നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കു പുറമേ റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബില്ലില്‍ ഒപ്പിടുന്നതിനൊപ്പം ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൗസ് സ്പീക്കര്‍ നാന്‍സി പോളും സെനറ്റ് ന്യൂനപക്ഷ ലീഡര്‍ ചക്ക് ഷ്യൂമറും ട്രംപിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. അമേരിക്കന്‍ ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റമെന്നാണ് നടപടിക്കെതിരെ പ്രതികരിച്ചത്.

നമ്മുടെ കയ്യില്‍ ആവശ്യത്തിലേറെ പണമുണ്ടെന്നും അത് എന്ത് ചെയ്യണമെന്ന് നമുക്കറിയില്ലെന്നും പറഞ്ഞ ട്രംപ് ആ തുക തനിക്ക് നല്‍കാനും താന്‍ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ബില്ലില്‍ ഒപ്പിടുന്നതിന് മുമ്പ് പ്രസ്ഥാവന നടത്തി. അടിയന്തരവാസ്ഥ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ട്രംപ് 35 ദിവസം ട്രഷറികളടച്ചത് അമേരിക്കന്‍ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.