1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2019

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ചു ചെയ്യുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കം നിര്‍ണായകഘട്ടത്തിലേക്കു കടന്നു. രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഇംപീച്ച്‌മെന്റ് അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും ജനപ്രതിനിധി സഭയുടെ ജുഡീഷറി കമ്മിറ്റി തയാറാക്കിയ പ്രമേയങ്ങളില്‍ കുറ്റപ്പെടുത്തി. ഇതിന്മേല്‍ മിക്കവാറും നാളെ വോട്ടെടുപ്പ് നടക്കും.

അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തില്‍ ഇതു നാലാംതവണയാണ് ഒരു പ്രസിഡന്റിനെതിരേ ഇത്തരത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുന്നത്. ഇന്റലിജന്‍സ് കമ്മിറ്റി തയാറാക്കിയ 300 പേജ് റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് ജുഡീഷറി കമ്മിറ്റി പ്രമേയങ്ങള്‍ക്കു രൂപം നല്‍കിയത്.

ജനപ്രതിനിധി സഭയില്‍ പാസായാലും സെനറ്റില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ളതിനാല്‍ ഇംപീച്ച്‌മെന്റ് നടപ്പാക്കാന്‍ സാധ്യത വിരളമാണ്. താന്‍ വേട്ടയാടുകപ്പെടുകയാണെന്ന് ട്രംപ് ട്വിറ്ററില്‍ പ്രതികരിച്ചു.

അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയാവുമെന്നു കരുതപ്പെടുന്ന ഡെമോക്രാറ്റ് പാര്‍ട്ടി നേതാവും മുന്‍ യുഎസ് വൈസ്പ്രസിഡന്റുമായ ബൈഡനെ താറടിച്ച് രാ ഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിനെതിരേ അന്വേഷണം നടത്താന്‍ യുക്രെയ്ന്‍ പ്രസിഡന്റിന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് നീക്കം തുടങ്ങിയത്. ബൈഡന്റെ പുത്രന്‍ ഹണ്ടര്‍ക്ക് യുക്രെയിനില്‍ ബിസിനസ് താത്പര്യങ്ങളുണ്ടായിരുന്നു.

2020ലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് പ്രവര്‍ത്തിച്ചെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്നും ജുഡീഷറി കമ്മിറ്റി ചെയര്‍മാന്‍ ജെറി നാഡ്‌ലര്‍ പറഞ്ഞു.

രാജ്യതാത്പര്യത്തേക്കാള്‍ സ്വന്തം താത്പര്യത്തിനാണു പ്രസിഡന്റ് മുന്‍ഗണന നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. ജനപ്രതിനിധി സഭയുടെ ഇന്റലിജന്‍സ് കമ്മിറ്റി നടത്തിയ തെളിവെടുപ്പില്‍ സഹകരിക്കുന്നതില്‍ നിന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെ ട്രംപ് തടസപ്പെടുത്തിയെന്നും ജുഡീഷറി കമ്മിറ്റി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.