1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2018

സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച; സ്ഥലവും തിയതിയും ഉറപ്പിച്ച് ട്രംപ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി 12ന് സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. കൊറിയന്‍ മേഖലയിലെ ആണവനിരായുധീകരണത്തിന്റെ തുടക്കമായിരിക്കും കൂടിക്കാഴ്ചയെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

കിം അമേരിക്കയിലേക്കയച്ച ഉത്തര കൊറിയന്‍ പ്രതിനിധി കിം യോംഗ് ചോളുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്. കിമ്മിന്റെ കത്ത് യോംഗ് ചോള്‍ ട്രംപിനു കൈമാറി. സിംഗപ്പൂര്‍ ഉച്ചകോടിയില്‍നിന്നു പിന്മാറുകയാണെന്നു വ്യക്തമാക്കി ട്രംപ് കിമ്മിനു കത്തയച്ചതു വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍, ഉച്ചകോടി താന്‍ റദ്ദാക്കിയിട്ടില്ലെന്ന് ഇതിനു വിശദീകരണമായി ട്രംപ് പറഞ്ഞു. ഉത്തരകൊറിയ കടുത്ത പ്രസ്താവനകള്‍ നടത്തിയപ്പോഴാണ് താന്‍ ആ കത്ത് അയച്ചത്. കൊറിയന്‍ മേഖലയിലെ ആണവ നിരായുധീകരണത്തിന് ഏറെ നാളെടുക്കുമെന്നും ട്രംപ് പറഞ്ഞു. പക്ഷേ, ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുകയാണ്. അവര്‍ക്കു രാജ്യത്തെ വികസനത്തിലേക്കു നയിക്കണം. അതു സംഭവിക്കുമെന്നതില്‍ സംശയമില്ല.

ഉപരോധം, ഉത്തര ദക്ഷിണ കൊറിയകള്‍ക്കിടയില്‍ സാങ്കേതികമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ യോംഗ് ചോളുമായി ചര്‍ച്ച ചെയ്തു. ഉത്തരകൊറിയയ്‌ക്കെതിരേ നിലവിലുള്ള ഉപരോധങ്ങള്‍ തുടരും. പക്ഷേ, പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തില്ല. പരമാവധി സമ്മര്‍ദം എന്ന വാക്കും ഇനി ഉപയോഗിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പ്യോംഗ്യാംഗ് സന്ദര്‍ശിച്ചതു താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപ് പറഞ്ഞു. ലാവ്‌റോവും ഉത്തരകൊറിയന്‍ നേതൃവും തമ്മിലുള്ള ചര്‍ച്ച ഗുണകരമാണെങ്കില്‍ താനിഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ യോംഗ് ചോളും ട്രംപും തമ്മില്‍ നടത്തിയ ചര്‍ച്ച എണ്‍പതു മിനിട്ടു നീണ്ടു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ യോംഗ് ചോള്‍ നേരത്തേ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവരെ കണ്ടിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.