സ്വന്തം ലേഖകന്‍: കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കും, ഇല്ലെങ്കില്‍ ഇറങ്ങിപ്പോരുമെന്ന് ട്രംപ്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.
കൂടിക്കാഴ്ച വിജയകരമാണെന്നും അനുകൂലമാണെന്നും തനിക്ക് തോന്നുകയാണെങ്കില്‍ കിമ്മിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്ന കാര്യം പരിഗണിക്കും, ട്രംപ് വ്യക്തമാക്കി. കിംട്രംപ് കൂടിക്കാഴ്ച ഉത്തരകൊറിയയുമായുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആബെയും പറഞ്ഞു. ആവശ്യമാണെങ്കില്‍ കിമ്മുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറണെന്നും ആബെ കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഎസിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ലെങ്കില്‍ ഉച്ചകോടിയില്‍നിന്ന് ഇറങ്ങിപ്പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇറങ്ങിപ്പോകാന്‍ ഞാന്‍ തയാറാണ്. അതു സംഭവിച്ചേക്കാം. ഒരുപക്ഷേ, അതു വേണ്ടിവരില്ല. കാരണം തനിക്കും കുടുംബത്തിനും രാജ്യത്തിനും വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കിം ആഗ്രഹിക്കുന്നുണ്ടാകും,’ ട്രംപ് പറഞ്ഞു.
സിംഗപ്പുരിലെ ചെറുദ്വീപായ സെന്റോസയില്‍ ഈ മാസം 12 നാണ് ട്രംപ്, കിം ഉച്ചകോടി. നാളെ കിം സിംഗപ്പുരിലെത്തുമെന്നാണു സൂചന. ഉച്ചകോടിക്കുശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ചൈന, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല