സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ പഴി സുരക്ഷാ ഗാര്‍ഡിന്റെ തലയില്‍ച്ചാരി ട്രംപ്; ഗാര്‍ഡ് ഭീരുവെന്ന് ആരോപണം. ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്‌ളസ് സ്‌കൂളില്‍ മുന്‍ വിദ്യാര്‍ഥി പതിനേഴു പേരെ വെടിവച്ചു കൊല്ലുമ്പോള്‍ പ്രതികരിക്കാതിരുന്ന സായുധ ഗാര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ് ഗാര്‍ഡ് ഡ്യൂട്ടിയുണ്ടായിരുന്ന സ്‌കോട് പീറ്റേഴ്‌സണ്‍ കൃത്യവിലോപം നടത്തിയതായും ആരോപിച്ചു. സമ്മര്‍ദ ഘട്ടങ്ങളില്‍ പ്രതികരിക്കാന്‍ കഴിയാത്ത ഭീരുവായിരുന്നു ഇയാളെന്നു ട്രംപ് പറഞ്ഞു.
ഫെബ്രുവരി 14നാണ് നിക്കോളാസ് ക്രൂസ് എന്ന മുന്‍ വിദ്യാര്‍ഥി സെമി ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് സ്‌കൂളില്‍ വെടിവയ്പു നടത്തിയത്. സ്‌കൂളിലെ വെടിവയ്പ് ആരംഭിച്ച് ഒന്നര മിനിറ്റിനകം പീറ്റേഴ്‌സന്‍ സ്‌കൂള്‍ കെട്ടിടത്തിലെത്തിയെങ്കിലും അകത്തുകയറാന്‍ കൂട്ടാക്കാതെ പുറത്തു വെറുതെ നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ജീവിതകാലം മുഴുവന്‍ പരിശീലനം നേടി. പക്ഷേ, എന്തെങ്കിലും ചെയ്യേണ്ട സമയം എത്തിയപ്പോള്‍ അയാള്‍ക്ക് ധൈര്യമില്ലായിരുന്നുവെന്ന് വൈറ്റ് ഹൗസിന്റെ പുറത്ത് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. മികച്ച പരിശീലനം നേടിയിട്ടും സമ്മര്‍ദ സാഹചര്യത്തെ നേരിടാന്‍ സാധിക്കാത്തവര്‍ ഭീരുക്കളാകാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സ്‌കൂളിലെ ആക്രമണത്തിനു ശേഷം മറ്റു വിദ്യാര്‍ഥികളുടെ കൂടെ പുറത്തേക്ക് ഓടിയ അക്രമിയെ കുറെ ദൂരെയുള്ള സ്ഥലത്തു നിന്ന് മറ്റൊരു ഓഫീസറാണ് പിടികൂടിയത്. ഇതിനിടയില്‍ അക്രമി ഒരു സൂപ്പര്‍ മാര്‍ക്കറ്റിലും രണ്ടു ഫാസ്റ്റ് ഫുഡ് കടകളിലും കയറിയിറങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല