സ്വന്തം ലേഖകന്‍: ഇന്ത്യയേയും ചൈനയേയും റഷ്യയേയും അഴിച്ചുവിടുന്നു, പാരീസ് കാലാവസ്ഥാ ഉടമ്പടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ വന്‍തുക യുഎസില്‍നിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ഈ ഉടമ്പടി, ഏകപക്ഷീയമാണെന്നും ട്രംപ് ആരോപിച്ചു. പാരിസ് കാലാവസ്ഥ ഉടമ്പടിയുമായി ബന്ധപ്പെട്ട് ഒരു വലിയ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും ട്രംപ് അറിയിച്ചു. യുഎസ് പ്രസിഡന്റ് പദത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കിയതിനു പിന്നാലെ പെന്‍സില്‍വാനിയയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാരീസ് കാലാവസ്ഥ ഉടമ്പടിയുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ വലിയൊരു തീരുമാനം കൈക്കൊള്ളുമെന്നും എന്തു സംഭവിക്കും എന്ന് അതിനു ശേഷം നോക്കാം’ എന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍. മലിനീകരണം ഉണ്ടാകുന്നുവെന്ന് പറഞ്ഞ് കോടിക്കണക്കിന് ഡോളര്‍ യു.എസില്‍ നിന്നും ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഉടമ്പടി അത്രതന്നെ മലിനീകരണത്തിന് കാരണക്കാരായ ചൈന,റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളെ വെറുതെ വിടുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
‘യുഎസിലെ നെറികെട്ട മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യില്ല. കാരണം, അവരും ഈ പ്രശ്‌നത്തിന്റെ സ്രഷ്ടാക്കളാണ്. എന്തായാലും അവരുടെ മുന്‍ഗണനകള്‍ എന്റെ മുന്‍ഗണനകളല്ല. അവ നിങ്ങളുടെയും മുന്‍ഗണനകളല്ല. എന്നെ വിശ്വസിക്കൂ. ഇത്തരമൊരു പൊളിഞ്ഞ വ്യവസ്ഥിതിയുടെ ഭാഗമാണ് ഇവരെല്ലാം. ഇനിമുതല്‍ നമ്മെ മുതലാക്കി നേട്ടം കൊയ്യാന്‍ ഒരു രാജ്യത്തെയും നാം അനുവദിക്കില്ല. ‘അമേരിക്ക ആദ്യം’ എന്നതു തന്നെയായിരിക്കും തുടര്‍ന്നും നമ്മുടെ പരിഗണന,’ ട്രംപ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് കാലാവസ്ഥാ ഉടമ്പടി താന്‍ റദ്ദാക്കുമെന്ന് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഉറപ്പുനല്‍കിയിരുന്നു. ഉടമ്പടി നടപ്പാക്കുന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമാകുകയും വൈദ്യുതി ചാര്‍ജ് കുതിച്ചുയരുകയും ചെയ്യുമെന്നാണ് ട്രംപിന്റെ വാദം. രാജ്യത്തെ ഫാക്ടറികള്‍ക്കും പ്ലാന്റുകള്‍ക്കും പൂട്ടു വീഴാന്‍ ഉടമ്പടി കാരണമാകുമെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല