
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് 19 സ്ഥിരീകരിച്ചു. തങ്ങള്‍ കൊവിഡ് ബാധിതരാണെന്നും വൈറ്റ് ഹൗസില്‍ തന്നെ ക്വാറന്റീനില്‍ പോവുകയാണെന്നും ട്രംപ് തന്നെയാണ് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ട്രംപിനും കൊവിഡ് കണ്ടെത്തിയത്.
അമേരിക്കന്‍ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചത് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. കൊവിഡിനെതിരേ മുന്‍കരുതലെടുക്കുന്നതില്‍ നിന്നും മാറി നിന്ന വ്യക്തിയാണ് ട്രംപ്. ഉന്നതാരോഗ്യ പ്രവര്‍ത്തകരുടെ കടുത്ത നിര്‍ബന്ധത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട സംഭവങ്ങളില്‍ മാത്രമാണ് അദ്ദേഹം മാസ്‌ക്ക് ഉപയോഗിച്ചത്.
പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നടന്ന ബുധനാഴ്ച രാത്രിയില്‍ പോലും അദ്ദേഹം കൊവിഡ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യമായി ഗുണം ചെയ്യില്ലെന്നും വാക്‌സിന്‍ മാത്രമാണ് പ്രതിവിധിയെന്നും പറഞ്ഞിരുന്നു. ട്രംപിന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഫെഡറല്‍ ആരോഗ്യ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലായിട്ടുണ്ട്.
ട്രംപുമായി കൂടിക്കാഴ്ച നടത്തിയവരുള്‍പ്പെടെയുള്ള നേതാക്കളെയും കൊവിഡ് പരിശോധനയ്ക്ക് അടിയന്തിരമായി വിധേയരാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ച മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന്റെ കൊവിഡ് ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇവര്‍ ട്രംപിന്റെ പ്രചാരണ ചുമതലകള്‍ വഹിച്ചിരുന്നതു കൊണ്ടു തന്നെ കൂടുതല്‍ റിപ്പബ്ലിക്കന്‍ നേതാക്കന്മാര്‍ ക്വാറന്റൈനിൽ പോകേണ്ടി വരും. തിരഞ്ഞെടുപ്പിലെ മൂന്നു ഡിബേറ്റുകളില്‍ ആദ്യത്തേതു മാത്രമാണ് ഇതുവരെ കഴിഞ്ഞത്. ഇനി രണ്ടെണ്ണം കൂടി അവശേഷിക്കുന്നുണ്ട്.
അതിനിടെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലെ ആദ്യ ചര്‍ച്ചയിലെ അപ്രസക്ത കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ട്രംപിന്റെ എതിരാളികള്‍ നീക്കം തുടങ്ങി. ചര്‍ച്ചയ്ക്കിടെ തീവ്ര വലതുപക്ഷ ഗ്രൂപ്പായ പ്രൗഡ് ബോയ്‌സിനെ നിരാകരിക്കാത്തതിനെയാണ് ഇപ്പോള്‍ വലിയ വിവാദമായി എതിരാളികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ തനിക്ക് വിഷയത്തെ കുറിച്ച് വലിയ ധാരണയില്ലെന്ന മട്ടില്‍ നിക്ഷ്പക്ഷ നിലപാടിലായിരുന്നു ട്രംപ്.
“പ്രൗഡ് ബോയ്‌സ് ആരാണെന്ന് എനിക്കറിയില്ല. അതായത്, നിങ്ങള്‍ എനിക്ക് അതിനൊരു നിര്‍വചനം നല്‍കേണ്ടിവരും, കാരണം അത് ആരാണെന്ന് എനിക്കറിയില്ല. അവര്‍ക്ക് നിലകൊള്ളണം എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ, നിയമപാലകര്‍ അവരുടെ ജോലി ചെയ്യട്ടെ,” ട്രംപ് ഡിബേറ്റിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല