1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2017

 

സ്വന്തം ലേഖകന്‍: വിവാദങ്ങളും അഭിപ്രായ ഭിന്നതകളുമായി യുഎസ്, ജര്‍മനി ഉച്ചകോടി, ആംഗല മെര്‍ക്കലിനൊപ്പം യോഗത്തില്‍ പങ്കെടുത്തതിന് ഇവാന്‍ക ട്രംപിന് രൂക്ഷ വിമര്‍ശനം. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന വ്യാപാര ഉച്ചകോടിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് പങ്കെടുത്തതാണ് വിവാദമായത്. ട്രംപ്, മെര്‍ക്കല്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തിനു മുന്നോടിയായാണ് ഇരു രാജ്യങ്ങളിലെയും വ്യാപാര പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള യോഗം വൈറ്റ് ഹൗസില്‍ നടന്നത്.

ഈ യോഗത്തില്‍ ഇവാന്‍ക പങ്കെടുത്തതിനെതിരെ ട്വിറ്ററില്‍ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യോഗത്തില്‍ മെര്‍ക്കലിന് സമീപത്തായാണ് ഇവാന്‍കയ്ക്ക് ഇരിപ്പിടമൊരുക്കിയത്. ഇതും വിമര്‍മര്‍ശന ശരങ്ങളേറ്റുവാങ്ങുന്നതിനു കാരണമായി. ജൂവല്ലറിയും ഫാഷന്‍ ബിസിനസും നടത്തുന്നതിനാലാണോ ഇവാന്‍കയെ യോഗത്തില്‍ പങ്കെടുപ്പിച്ചതെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.

യോഗത്തില്‍ പങ്കെടുക്കാന്‍ എന്തു യോഗ്യതയാണ് ഇവാന്‍കയ്യക്കുള്ളതെന്നും വിമര്‍ശകര്‍ ചോദിച്ചു. പരക്കെയുള്ള ട്രോളുകള്‍ കൂടിയായതോടെ വിഷയം കൂടുതല്‍ ചൂടുപിടിക്കുകയും ചെയ്തു. വൈറ്റ്ഹൗസില്‍ മെര്‍കലിന് ട്രംപ് ഊഷ്മള സ്വാഗതമാണ് നല്‍കിയതെങ്കിലും ട്രംപും മെര്‍കലും തമ്മിലുള്ള സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ പൊരുത്തക്കേടുകള്‍ തെളിഞ്ഞുനിന്നു. യൂറോപ്പിലെ കരുത്തയായ നേതാവിന് ഷേക്ഹാന്‍ഡ് നല്‍കാന്‍ ട്രംപ് തയാറായില്ല.

കാമറ ഫ്‌ലാഷുകള്‍ തുരുതുരെ മിന്നുന്നതിനിടെയായിരുന്നു ഹസ്തദാനം വേണോ എന്ന് മെര്‍കലിന്റെ ചോദ്യം. എന്നാല്‍, അതു കേള്‍ക്കാത്ത ഭാവത്തില്‍ ട്രംപ് വിദൂരതയിലേക്ക് നോക്കുകയായിരുന്നു. അതേസമയം, ബ്രെക്‌സിറ്റിന്റെ സന്ദേശവാഹകയായ ബ്രിട്ടീഷ് പ്രധാനമന്ത്രി യു.എസിലെത്തിയപ്പോള്‍ തെരേസ മേയ്‌യെ ഹസ്തദാനം ചെയ്യാന്‍ ട്രംപ് തിടുക്കംകാട്ടിയിരുന്നു.

‘കുടിയേറ്റം ഒരു ആനുകൂല്യമാണ്. എന്നാല്‍, അത് അവകാശമായി കണക്കാക്കാനാവില്ല. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയാണ് മുഖ്യം. അതില്‍ മറുചോദ്യമില്ല,’ പത്ര സമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. നാറ്റോക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും എന്നാല്‍, എല്ലാ അംഗങ്ങളും അവരവരുടെ വീതം നല്‍കണമെന്നും ട്രംപ് സൂചിപ്പിച്ചു.ജര്‍മനിയുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുമ്പോള്‍ യു.എസിന്റെ സാമ്പത്തിക നില കൂടുതല്‍ ഭദ്രമാവുമെന്നും ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണകാലംതൊട്ട് തുടങ്ങിയതാണ് മെര്‍കലും ട്രംപും തമ്മിലുള്ള പോര്. വ്യാപാരം, കുടിയേറ്റം തുടങ്ങി എല്ലാ വിഷയങ്ങളിലും ട്രംപ് പുലര്‍ത്തുന്ന സമീപനങ്ങളെ മെര്‍ക്കല്‍ വിമര്‍ശിച്ചിരുന്നു. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിച്ച് മെര്‍കല്‍ ജര്‍മനിയെ നാശത്തിലേക്ക് നയിക്കുകയാണെന്ന് ട്രംപ് തിരിച്ചടിക്കുകയും ചെയ്തിരുന്നു അന്ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.