സ്വന്തം ലേഖകന്‍: ട്രംപിന്റെ ‘കുട്ടികളെ വേര്‍പിരിക്കല്‍’ നയത്തിനെതിരെ യുഎസില്‍ അമ്മമാരുടെ പ്രതിഷേധം. ‘നിയമങ്ങള്‍ പാലിക്കുമ്പോഴും അമേരിക്ക ഹൃദയംകൊണ്ടു ഭരിക്കുന്ന രാജ്യമാകണമെന്നാണ് ആഗ്രഹിക്കുന്നത്,’ എന്നായിരുന്നു ട്രംപിന്റെ ഭാര്യ, പ്രഥമവനിത മെലനിയ പറഞ്ഞത്. അപൂര്‍വമായാണു നയപരമായ കാര്യങ്ങളില്‍ മെലനിയ അഭിപ്രായം പറയുന്നത്.
ഇരുപക്ഷത്തുമുള്ളവര്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട മെലനിയ, മാതാപിതാക്കളില്‍നിന്നു കുട്ടികളെ വേര്‍പിരിക്കുന്നതിനെ വെറുക്കുന്നതായും പറഞ്ഞു. മുന്‍ പ്രഥമവനിതകളും ട്രംപിന്റെ നിലപാടിനെതിരെ രംഗത്തുവന്നു. അമേരിക്ക നേരിടുന്ന വലിയ ധാര്‍മിക പ്രതിസന്ധിയാണിതെന്നും അല്‍പമെങ്കിലും കനിവും മാന്യതയും ബാക്കിയുള്ളവരെ ഇതു രോഷാകുലരാക്കുമെന്നും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയുമായ ഹിലറി ക്ലിന്റന്‍ പറഞ്ഞു.
ക്രൂരവും അധാര്‍മികവുമായ നടപടിയാണു ട്രംപിന്റേതെന്നു ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭാര്യ ലോറ ബുഷ് പറഞ്ഞു. ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍, ജിമ്മി കാര്‍ട്ടറുടെ ഭാര്യ റോസലിന്‍ എന്നിവരും രംഗത്തെത്തി. എന്നാല്‍, ‘അഭയാര്‍ഥികളുടെ കാര്യത്തില്‍, അല്‍പം പോലും വിട്ടുവീഴ്ചയില്ല,’ എന്ന ഉറച്ച നിലപാടിലാണ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതിയായ രേഖകളില്ലാതെ യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ പിടിച്ചെടുത്തു സംരക്ഷണ കേന്ദ്രങ്ങളിലാക്കുകയും ചെയ്യുകയെന്ന നയമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല