1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2020

സ്വന്തം ലേഖകൻ: യു.എസ്. വൈസ് പ്രസിഡന്റ് ആകാന്‍ കമല ഹാരിസിന് യോഗ്യതയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ന്യൂഹാംഷയറില്‍ റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എസിലെ ആദ്യ വനിതാ പ്രസിഡന്റിനെ കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ് കമല ഹാരിസ് ആ പദവിക്ക് യോഗ്യയല്ലെന്നും മകളും സീനിയര്‍ വൈറ്റ്ഹൗസ് ഉപദേശകയുമായ ഇവാങ്ക ട്രംപായിരിക്കും ആ പദവിക്ക് അനുയോജ്യയെന്നും കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ പ്രസ്താവനയെ കൈയടികളോടെയാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍ സ്വാഗതം ചെയ്തത്. ചിലര്‍ ഇവാങ്ക ട്രംപിന്റെ പേര് ഉച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്തു. ‘ഞങ്ങള്‍ക്ക് ഇവാങ്ക ട്രംപിനെ വേണമെന്ന് അവരെല്ലാവരും പറയുന്നു. ഞാന്‍ അവരെ കുററപ്പെടുത്തില്ല.’ അണികളോടുളള ട്രംപിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.

“കമല ഹാരിസ് തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായി ആരംഭിച്ചു. ജനപ്രിയരില്‍ ഒരാളായിരുന്നു അവർ. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കുളളില്‍ അവളുടെ ജനപ്രീതി താഴേക്ക് പോയി. പിന്നീട് അവർ പിന്മാറി. ഞാന്‍ പോകണം എന്നു തീരുമാനിച്ചതിനാലാണ് പിന്മാറുന്നതെന്ന് പറഞ്ഞു. വോട്ടുകളൊന്നും ലഭിക്കില്ലെന്നുളളതുകൊണ്ടാണ് അവർ പിന്മാറിയത്.”

പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുളള മത്സരത്തില്‍ കമല ഹാരിസ് തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പിന്മാറുകയും ജോ ബൈഡന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. 2024-ല്‍ ഡെമോക്രാറ്റികിന്റെ സ്വാഭാവിക പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല ഉയര്‍ന്നുവരാനുളള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗികമായി നാമനിര്‍ദേശം അംഗീകരിച്ചതിനുശേഷമുളള ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയായിരുന്നു ന്യൂഹാംഷയറിലേത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.