സ്വന്തം ലേഖകന്‍: ട്രംപിന്റെ ഭരണ പരിഷ്‌ക്കാരങ്ങള്‍ അവസാനിക്കുന്നില്ല, ഇന്ത്യന്‍ വംശജനായ ഡോ. വിവേക് മൂര്‍ത്തിയെ സര്‍ജന്‍ ജനറല്‍ സ്ഥാനത്തുനിന്ന് മാറ്റി. യു.എസിലെ പബ്ലിക് ഹെല്‍ത്ത് സര്‍വിസ് കമീഷന്‍ഡ് കോര്‍പ്‌സിന് പുതിയ നേതൃത്വം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ജന്‍ ജനറലായിരുന്ന ഇന്ത്യന്‍ വംശജന്‍ വിവേക് മൂര്‍ത്തിയെ മാറ്റാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് മൂര്‍ത്തിക്ക് നിയമനം നല്‍കിയത്. സര്‍ജന്‍ ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് 39കാരനായ മൂര്‍ത്തി. ഡെപ്യൂട്ടി സര്‍ജനായിരുന്ന റിയര്‍ അഡ്മിറല്‍ സില്‍വിയ ട്രന്റ് ആഡംസാണ് മൂര്‍ത്തിയുടെ സ്ഥാനത്ത് നിയമിതയാകുന്നത്. ആദ്യമായി സര്‍ജന്‍ ജനറല്‍ സ്ഥാനം വഹിക്കുന്ന നഴ്‌സാണ് ഇദ്ദേഹം.. 2014 ഡിസംബറിലാണ് സര്‍ജന്‍ ജനറലായി മൂര്‍ത്തി അധികാരമേറ്റത്.
ഇന്ത്യയിലെ ദരിദ്രനായ ഒരു കര്‍ഷകന്റെ ചെറുമകന് ഇത്ര ഉന്നതമായ ഒരു പദവി ലഭിച്ചത് തന്നെ ഒരു അമേരിക്കന്‍ കഥ പോലെ അനുഭവപ്പെടുന്നു എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ മൂര്‍ത്തി കുറിച്ചത്. ഒരു രാജ്യത്തിന്റെ മുഴുവന്‍ ആരോഗ്യക്കാര്യങ്ങളുടെ ചുമതല പ്രസിഡന്റ് എനിക്ക് നല്‍കിയത് മനോഹരമായ ഒരു അമേരിക്കന്‍ കഥ പോലെ തോന്നുന്നു.40 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടേക്ക് കുടിയേറി പാര്‍ത്ത ഒരു കുടുംബത്തെ ഇത്രയധികം സ്വാഗതം ചെയ്യുകയും, ഈ രാജ്യത്തെ സേവിക്കുവാന്‍ എനിക്ക് അവസരം നല്‍കുകയും ചെയ്തവരോട് എന്നും നന്ദിയുണ്ടാകുമെന്നും മൂര്‍ത്തി പറയുന്നു.
കര്‍ണ്ണാടകയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഡോ. വിവേക് മൂര്‍ത്തിയുടെ കുടുംബം. ഇംഗ്ലണ്ടിലെ ഹഡേഴ്‌സ്ഫീല്‍ഡ് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്, മൂന്ന് വയസ്സായപ്പോല്‍ മൂര്‍ത്തിയുടെ കുടുംബം മയാമിയിലേക്ക് താമസം മാറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല