1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2017

സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പാഠം പഠിപ്പിക്കാന്‍ ഉറച്ച് ട്രംപ്, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഉത്തര കൊറിയന്‍ മേഖലയിലേക്ക്. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാള്‍വിന്‍സണ്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ കൊറിയന്‍ മേഖലയിലേക്ക് നീങ്ങിയതായി യുഎസ് പസഫിക് കമാന്‍ഡ് അറിയിച്ചു. ഉത്തരകൊറിയയില്‍നിന്നുള്ള ഭീഷണി വര്‍ധിച്ച സാഹചര്യത്തിലാണിത്.

വിമാനവാഹിനിക്കു പുറമേ മിസൈല്‍ നശീകരണികളും മറ്റു യുദ്ധക്കപ്പലുകളും ഉള്‍പ്പെടുന്ന വ്യൂഹമാണ് സിംഗപ്പൂരില്‍നിന്ന് കൊറിയന്‍ മേഖലയിലേക്കു നീങ്ങിയിട്ടുള്ളത്. ഓസ്‌ട്രേലിയയിലേക്കു പോകാന്‍ നിയുക്തമായ യുഎസ്എസ് കാള്‍വിന്‍സന്റെ യാത്രാപഥം മാറ്റി കൊറിയന്‍ മേഖലയിലേക്ക് അയയ്ക്കുകയായിരുന്നു. സിറിയയില്‍ യുഎസ് മിസൈല്‍ ആക്രമണം നടത്തി ദിവസങ്ങള്‍ക്കകം കൊറിയയിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചത് മേഖലയില്‍ സംഘര്‍ഷം വളര്‍ത്തിയിരിക്കുകയാണ്.

സിറിയയില്‍ യുഎസ് നടത്തിയ മിസൈല്‍ ആക്രമണത്തെ പൊറുക്കാനാവാത്ത അക്രമം എന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്. യുഎന്‍ വിലക്കു ലംഘിച്ച് അടുത്തയിടെ ഉത്തരകൊറിയ അഞ്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ആറാമത്തെ പരീക്ഷണത്തിനു തയാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടു വര്‍ഷത്തിനകം ഉത്തര കൊറിയ വിജയകരമായി അണ്വായുധം നിര്‍മ്മിക്കുമെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി.

അമേരിക്കയ്ക്കും ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവയ്ക്കും എതിരേ ആക്രമണഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയ്ക്ക് എതിരേ സൈനികനടപടിക്കു മടിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേര്‍സണ്‍ വ്യക്തമാക്കിയിരുന്നു.  കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ ഷി ചിന്‍പിംഗുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിലും ഉത്തര കൊറിയന്‍ പ്രശ്‌നം ചര്‍ച്ചാ വിഷയമായി. ആണവ പരീക്ഷണങ്ങള്‍ ഒഴിവാക്കാനുള്ള മുന്നറിയിപ്പ് തള്ളിയ ഉത്തര കൊറിയക്കുള്ള സന്ദേശമായി സിറിയയിലെ യുഎസ് മിസൈല്‍ ആക്രമണം വിലയിരുത്തപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.