1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2020

സ്വന്തം ലേഖകൻ: സുപ്രീം കോടതിയിലേക്ക് ഒഴിവ് വന്ന സ്ഥാനം നികത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു കൂടുതല്‍ കരുത്തു കാട്ടി. ഡെമോക്രാറ്റിക്കുകളുടെ കടുത്ത് എതിര്‍പ്പിനെ മറികടന്നാണ് ട്രംപ് ജഡ്ജി ഐമി കോണി ബാരറ്റിനെ ശനിയാഴ്ച സുപ്രീംകോടതിയിലേക്കു നാമനിര്‍ദ്ദേശം ചെയ്തത്.

ഇതോടെ, യാഥാസ്ഥിതിക ജുഡീഷ്യല്‍ തത്വങ്ങളുടെ ചാമ്പ്യനായി ജഡ്ജി ഐമിയെ ട്രംപ് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് ഇനി വെറും 38 ദിവസങ്ങള്‍ മാത്രം ശേഷിക്കവേ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയമനം നടത്തിയത് ബുദ്ധിപൂർവമായ കരുനീക്കമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ ആശയങ്ങളോടും നയങ്ങളോടും ചേര്‍ന്നു നില്‍ക്കുന്നയാളാണ് കടുത്ത യാഥാസ്ഥിതിക വാദിയെന്ന് അറിയപ്പെടുന്ന പുതിയ ജഡ്ജി ഐമി ബാരറ്റ്. 48 വയസിനുള്ളിൽ പല കേസുകളിലെ തീരുമാനങ്ങളിലും ന്യൂനപക്ഷവിധികളിലും പങ്കാളിയായ ന്യായാധിപയാണ് ബാരറ്റ്. അന്തരിച്ച ജസ്റ്റീസ് അന്റോനിൻ സ്കാലിയയുടെ ക്ലെർക്കായപ്പോഴാണ് ഇവർ ആദ്യം ശ്രദ്ധിക്കപ്പെട്ടത്.

2017 ൽ ട്രംപ് ഇവരെ ഷിക്കാഗോ സെവൻത് യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ജഡ്ജായി നിയമിച്ചു. അതിന് മുൻപ് വളരെക്കാലം യൂണിവേഴ്സിറ്റി ഓഫ് നോട്ടർ ഡേമിൽ പ്രഫസറായിരുന്നു. 2017 ൽ അപ്പീൽസ് കോടതി ജഡ്ജായി സ്ഥിരപ്പെടുത്തിയപ്പോൾ ഇവർ കടുത്ത എതിർപ്പ് ഡമോക്രാറ്റുകളിൽ നിന്ന് നേരിട്ടു, പ്രധാനമായും ഇവരുടെ കത്തോലിക്ക മതവിശ്വാസവും ഗർഭച്ഛിദ്രത്തിനോടുള്ള എതിർപ്പുമാണ് എതിരാളികൾ ആയുധമെടുക്കാൻ കാരണമായത്. അതുതന്നെയാണ് ട്രംപിന്റെ ശ്രദ്ധയിൽപെട്ടതും വിശ്വാസം നേടിയതും.

സെനറ്റിൽ ജൂഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ബാരറ്റിന്റെ സ്ഥിരപ്പെടുത്തൽ, വിചാരണ ഒക്ടോബർ 12ന് ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. സെനറ്റിലെ 53 റിപ്പബ്ലിക്കൻ അംഗങ്ങളും ബാരറ്റിന് വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാൽ 47 ഡെമോക്രാറ്റിക് അംഗങ്ങളിൽ ആരും ബാരറ്റിന് വോട്ടു ചെയ്യരുതെന്ന് ജോ ബൈഡൻ ആഹ്വാനം ചെയ്തു.

ബ്രിയോണ ടെയ്‌ലർ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു

അതിനിടെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടയിൽ ഉറങ്ങി കിടന്നിരുന്ന കറുത്ത വർഗക്കാരിയും മെഡിക്കൽ ജീവനക്കാരിയുമായ ബ്രിയോണ ടെയ്‌ലർ (26) മാർച്ച് മാസം വെടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസ് ഓഫീസർക്കെതിരെ കൊലകുറ്റത്തിന് കേസ്സെടുക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന പ്രതിഷോധ സമരങ്ങളുടെ ഭാഗമായി ഹൂസ്റ്റണിൽ പ്രതിഷേധക്കാർ റോഡുകളിൽ കിടന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധിച്ചു.

ഞായറാഴ്ച വൈകിട്ടാണ് ഹൂസ്റ്റൺ വീഥികളിൽ ബ്രയോണ വീട്ടിൽ ഉറങ്ങി കിടന്നിരുന്നതിനെ അനുസമരിച്ചു പുതിയ സമര മുറയ്ക്ക് പ്രതിഷേധക്കാർ തയാറായത്. ദിവസങ്ങൾക്കു മുമ്പ് ബ്രയോണ കൊല്ലപ്പെട്ട സംഭവത്തിൽ കെന്റിക്കി ഗ്രാന്റ് ജൂറി പൊലീസ് ഓഫീസർമാർക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കുന്നതിന് വിസമ്മതിച്ചതാണ് രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.