
സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ ജോ ബൈഡനും കമല ഹാരിസിനുമെതിരെ വീണ്ടും അധിക്ഷേപവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന് കീഴിലെ അമേരിക്കയില്‍ ജനങ്ങളാരും സുരക്ഷിതരായിരിക്കില്ലെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. കമലയ്ക്കും ബൈഡനും അമേരിക്കന്‍ പൊലീസിനോട് ശത്രുതയാണെന്ന് ആരോപിച്ച ട്രംപ് ഇവര്‍ പൊലീസിനെതിരെ ഇടതുപക്ഷ യുദ്ധത്തിന്റെ കേന്ദ്രത്തിലാണെന്നും പറഞ്ഞു.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമായ കമല ഹാരിസിനെ ബൈഡന്‍ പ്രഖ്യാപിച്ചതു മുതല്‍ കമലയ്‌ക്കെതിരെ തുടര്‍ച്ചയായി അധിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ് ട്രംപ്. നേരത്തെ ഹിലരി ക്ലിന്റെനെതിരേയും ട്രംപ് സമാനമായ അധിക്ഷേപം നടത്തിയിരുന്നു.
കമലയ്ക്ക് ഇന്ത്യന്‍ പാരമ്പര്യമുണ്ടെങ്കിലും ഇന്ത്യന്‍ പിന്തുണ കൂടുതല്‍ ഉള്ളത് തനിക്കാണെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്. ബൈഡന്‍ അമേരിക്കന്‍ ജനതയുടെ അന്തസ്സും ബഹുമാനവും എടുത്തുകളയുകയാണെന്നും ട്രംപ് ആരോപിക്കുന്നു. നേരത്തെ കമല ഹാരിസിനെ ഭ്രാന്തിളകിയ ഇടതുപക്ഷക്കാരി എന്നായിരുന്നു ട്രംപ് അധിക്ഷേപിച്ചത്.
കമലയെ ജോ ബൈഡന്‍ തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നുമുള്ള ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. ജോ ബൈഡനെ തന്നെ അധിക്ഷേപിച്ച ആളാണ് കമല ഹാരിസ് എന്നും ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ നോമിനി ബ്രെറ്റ് കവനയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ കമല വിമര്‍ശനം ഉന്നയിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല