1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2017

സ്വന്തം ലേഖകന്‍: സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി ‘ടീം ട്രംപ്’, ട്രംപിന്റെ മകള്‍ ഇവാന്‍കക്കും ഭര്‍ത്താവ് കുഷ്‌നര്‍ക്കും കോടികളുടെ സ്വത്ത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകരായ മകളും മരുമകനും സ്വത്ത് വെളിപ്പെടുത്തി. ട്രംപിന്റെ മകള്‍ ഇവാന്‍കയ്ക്കും ഭര്‍ത്താവ് ജെര്‍ഡ് കുഷ്‌നര്‍ക്കും കൂടി 240 മില്യണ്‍ ഡോളറിനും 740 മില്യണ്‍ ഡോളറിനും മധ്യേ സ്വത്തുണ്ടെന്നാണ് വൈറ്റ് ഹൗസ് വെളിപ്പെടുത്തല്‍. ഇതില്‍ ട്രംപിന്റെ ഹോട്ടല്‍ ബിസിനസിലെ ഓഹരിയു പെടും. യു.എസിലെ നിയമനുസരിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് കയറുന്ന സമയത്തുള്ള വരുമാനവും ആസ്തിയും വെളിപ്പെടുത്തേണ്ടതുണ്ട്.

ഇവാന്‍കയയുടെ ബിസിനസ് സാമ്രാജ്യത്തിന് 50 മില്യണ്‍ ഡോളറിന്റെ മൂല്യമുണ്ട്. കൂടാതെ ഇവര്‍ക്ക് ട്രംപിന്റെ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ബിസിനസില്‍ അഞ്ച് ദശലക്ഷം മുതല്‍ 25 ദശലക്ഷം വരെ ഓഹരി പങ്കാളിത്തമുണ്ട്. ഭര്‍ത്താവ് ജെര്‍ഡ് കുഷ്‌നര്‍ 267 സംഘടനകളിലാണ് പങ്കാളിത്തം വഹിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് , മറ്റു ബിസിനസുകളില്‍ നിന്ന് ദമ്പതികള്‍ പതിനായിരക്കണക്കിന് ഡോളര്‍ വരുമാനം ഉണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ഉഭയകക്ഷി കരാറിന്റെ നഗ്‌നമായ ലംഘനത്തിലൂടെ ബാധ്യത വരുത്തുന്നവരുമായുള്ള വ്യാപാരബന്ധം വിച്‌ഛേദിക്കാന്‍ അധികാരം നല്‍കുന്ന നിയമം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ് ഭരണകൂടമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു മുന്‍നിര്‍ത്തി രണ്ടു സുപ്രധാന ഉത്തരവുകളില്‍ പ്രസിഡന്റ് ഒപ്പുവച്ചു.ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം രാജ്യത്തിന്റെ വ്യാപാരക്കമ്മി കഴിഞ്ഞ വര്‍ഷം 500 ബില്യണ്‍ ഡോളറിലേക്ക് എത്തിച്ചതിന്റെ കാരണങ്ങള്‍ പരിശോധിക്കാന്‍ വാണിജ്യ വകുപ്പിനു നിര്‍ദേശം നല്‍കുന്നതാണ് ആദ്യ ഉത്തരവ്.

90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നികുതി വെട്ടിച്ച് ഗുണമേന്മയില്ലാത്ത ഉല്‍പന്നങ്ങള്‍ യു.എസിലേക്കു തള്ളുന്നതിനെ പ്രതിരോധിക്കുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കാനുള്ളതാണ് രണ്ടാമത്തെ ഉത്തരവ്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി ട്രംപിന്റെ കൂടിക്കാഴ്ചയ്ക്കു ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് രണ്ട് ഉത്തരവുകളും എന്നത് ശ്രദ്ധേയമാണ്. അമേരിക്കയോടു വ്യാപാരമിച്ചം ഉള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ചൈന.

കഴിഞ്ഞ വര്‍ഷം അമേരിക്ക ചൈനയിലേക്കു വിറ്റതിലും 34700 കോടി ഡോളര്‍ അധികം തുകയ്ക്കുള്ള സാധനങ്ങള്‍ ചൈനയില്‍നിന്നു വാങ്ങിയതായാണ് കണക്ക്. ഇപ്രകാരം പ്രമുഖ 16 രാജ്യങ്ങളോടു വാണിജ്യകമ്മി ഉണ്ടാകാനുള്ള സാഹചര്യം വിശദമായി പരിശോധിക്കാനുള്ളതാണ് ആദ്യ ഉത്തരവ്. ഇന്ത്യക്ക് 2400 കോടി ഡോളര്‍ വ്യാപാരമിച്ചമാണ് അമേരിക്കയോടുള്ളത്. തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ട്രംപ് പ്രധാന വാഗ്ദാനങ്ങളായിരുന്നു വ്യാപാരകമ്മി അവസാനിപ്പിക്കും എന്നതും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറച്ച് അമേരിക്കയില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും എന്നതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.