1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് പൂര്‍ണ പിന്തുണയുമായി ട്രംപ്, യുഎസ് എന്നും ബ്രിട്ടനോടൊപ്പമെന്ന് തെരേസാ മേയ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിച്ച് കൂടിക്കാഴ്ച. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം (ബ്രെക്‌സിറ്റ്) ലോകത്തിന് മാതൃകയാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ബ്രെക്‌സിറ്റോടെ ബ്രിട്ടന്‍ സ്വന്തം വ്യക്തിത്വം തിരിച്ചുപിടിച്ചതായും ട്രംപ് പറഞ്ഞു.

ഓവല്‍ ഓഫിസില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.മറ്റാരുടെയും നിരീക്ഷണത്തിനു വിധേയമാവാതെ എന്താണ് ചെയ്യുന്നതെന്ന് ആരോടും ബോധിപ്പിക്കാതെ ബ്രിട്ടന് സ്വതന്ത്രമായി വ്യാപാരബന്ധം നടത്താം. യൂറോപ്പില്‍നിന്ന് സ്വതന്ത്രമായ ബ്രിട്ടന്‍ ലോകത്തിന് അനുഗ്രഹമാണ്.

തെരേസ മെയ്യുടെ ക്ഷണം സ്വീകരിച്ച് ഈ വര്‍ഷാവസാനം ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്നും ട്രംപ് പറഞ്ഞു. യു.എസും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കുമെന്നും തെരേസ മെയ്‌ക്കൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ട്രംപ് സൂചിപ്പിച്ചു.

യു.എസുമായുള്ള വ്യാപാരബന്ധം ബ്രെക്‌സിറ്റിന്റെ ആഘാതം കുറക്കുമെന്ന് മെയ് പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യാപാരബന്ധമാണ് ലക്ഷ്യമെന്ന് മെയ് വെളിപ്പെടുത്തി.
വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത പത്രസമ്മേളനത്തിനായി ട്രംപും തെരേസയും എത്തിയത് കൈകോര്‍ത്തായിരുന്നു.

ബ്രിട്ടനും അമേരിക്കയും സൈനിക രംഗത്തും സാംസ്‌കാരിക രംഗത്തും സാമ്പത്തികരംഗത്തും രാഷ്ട്രീയ രംഗത്തും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ഇരുരാജ്യങ്ങളുമായുള്ള വ്യാപാരക്കരാര്‍ രണ്ടുകൂട്ടര്‍ക്കും നേട്ടമുണ്ടാക്കുന്നതാണെന്ന് തെരേസ പ്രഖ്യാപിച്ചു. നാറ്റോയോടുള്ള വിശ്വസ്തതയും കൂറും 100 ശതമാനവും പുലര്‍ത്തുമെന്ന് ട്രംപ് വ്യക്തമാക്കിയതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഒരു വിഷയത്തിലും ഭിന്നതയുള്ളതായി ചര്‍ച്ചയില്‍ പ്രതിഫലിച്ചില്ലെന്നും തെരേസ കൂട്ടിച്ചേര്‍ത്തു.

ട്രംപ്‌മേയ് കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏതാനും ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകരെ വൈറ്റ്ഹൗസില്‍ പ്രവേശിക്കുന്നത് വിലക്കിയത് വിവാദമായി. മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷാഉദ്യോഗസ്ഥന് നല്‍കിയ ജനനത്തീയതി വിവരങ്ങളില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തെരേസാ മേയ് തുര്‍ക്കിയിലെത്തി. വ്യാപാരം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പ്രസിഡന്റ് തയിപ് യെര്‍ദോഗനുമായും പ്രധാനമന്ത്രി ബിനാലി യിന്‍ദ്രിമുമായും മേയ് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.