1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2021

സ്വന്തം ലേഖകൻ: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതായി സൂചന. ജനുവരി ആറിന് നടന്ന കാപ്പിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ട്രംപിന്റെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ സ്വന്തമായൊരു പ്ലാറ്റ്‌ഫോമുമായി സാമൂഹിക മാധ്യമ രംഗത്ത് സാമൂഹിക മാധ്യമ രംഗത്ത് സജീവമാകാനാണ് ട്രംപ് തയ്യാറെടുക്കുന്നതെന്നാണ് വിവരം.

ഇതുവഴി പൊതു-രാഷ്ട്രീയ രംഗങ്ങളില്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അദ്ദേഹം സജീവമാകുമെന്ന് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാക്കളിൽ ഒരാളും കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ഔദ്യോഗിക വക്താവുമായിരുന്ന ജെയ്‌സണ്‍ മില്ലര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ലോക നേതാക്കള്‍ക്ക് എപ്പോള്‍,എങ്ങനെ വിലക്കേര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ പൊതുജനാഭിപ്രായം തേടുമെന്നും മറ്റ് ഉപയോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നയങ്ങള്‍ തന്നെ ലോക നേതാക്കള്‍ക്കും പിന്തുടരുന്ന കാര്യം പുനഃപരിശോധിക്കുകയാണെന്നും ട്വിറ്റര്‍ ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു.

അക്രമത്തിന് പ്രേരണ നല്‍കിയെന്ന കാരണത്തില്‍ ട്രംപിന് വിലക്കേര്‍പ്പെടുത്തിയ ശേഷം രാഷ്ട്രീയ പ്രവര്‍ത്തകര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ സൂക്ഷ്മ പരിശോധന നേരിടുകയാണ്. ട്രംപിന് ജനുവരി മുതല്‍ അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയ ഫെയ്‌സ്ബുക്ക് വിഷയം പുനഃപരിശോധിക്കാന്‍ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനം അടുത്തു തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.