1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2022

സ്വന്തം ലേഖകൻ: 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ‘അമേരിക്കയുടെ തിരിച്ച് വരവ് ഇവിടെ തുടങ്ങുന്നു’ എന്നായിരുന്നു ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ വെച്ച് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ടുള്ള ട്രംപിൻറെ വാക്കുകൾ.

‘അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാർത്ഥിത്വം ഞാൻ പ്രഖ്യാപിക്കുന്നു’, ട്രംപ് പറഞ്ഞു. റിപബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന ആദ്യ പ്രമുഖനാണ് 76 കാരനായ ട്രംപ്. ഔദ്യോഗികമായി റിപബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ കടമ്പകൾ ഏറെയുണ്ട്.

ഏകദേശം ഒരു വർഷത്തോളം നീളുന്ന നടപടികൾ ഉണ്ടെന്നിരിക്കെയാണ് താൻ മത്സരത്തിന് തയ്യാറാണെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം.സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ട്രംപിന്റെ രേഖകൾ ഇതിനോടകം തന്നെ യു എസ് ഫെഡറൽ കമ്മീഷനിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ട്രംപിന്റെ സഹായികൂടിയായ ബ്രാഡ്ലി ക്രെയ്റ്റിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

നേരത്തേ രണ്ട് തവണയാണ് ട്രംപ് യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2016 ൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്‍റനെ തോല്‍പ്പിച്ച് പ്രസിഡന്റായി. 2020 ൽ നിലവിലെ പ്രസിഡന്റായ ജോ ബൈഡനെതിരെയായിരുന്നു പോരാട്ടം. എന്നാൽ കനത്ത പരാജയം രുചിക്കുകയായിരുന്നു. മൂന്നാം തവണയും താൻ മത്സരിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം ട്രംപ് നൽകിയിരുന്നു. ചൊവ്വാഴ്ചയോടെ താനൊരു വമ്പൻ പ്രഖ്യാപനം നടന്നുമെന്നായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് പറഞ്ഞത്.

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി കനത്ത തോൽവി നേരിട്ടതിനിടയിലാണ് ട്രംപ് ധൃതിപ്പെട്ട് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടിയിലെ തന്റെ എതിരാളികളെ തടയുകയെന്നത് കൂടിയാണ് ഈ നീക്കത്തിന് പിന്നിൽ ട്രംപിന്റെ ലക്ഷ്യം. റിപബ്ലിക്കൻ നേതാവും ഫ്ലോറിഡ ഗവർണറുമായ റോൺ ഡിസാന്റിസ് ട്രംപിന് വലിയ വെല്ലുവിളി തീർക്കുന്നുണ്ട്.

ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് നിർദ്ദേശിച്ച സ്ഥാനാർത്ഥികൾ പലരും പരാജയപ്പെട്ടപ്പോൾ ഡിസാന്റീസ് നിർദ്ദേശിച്ച സ്ഥാനാർത്ഥികൾ വിജയിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.ഡിസാന്റീസിനെ കൂടാതെ മുൻ വൈസ് പ്രസിഡന്റ് കൂടിയായ 63 കാരൻ മൈക്കൻ പെൻസും വീണ്ടും പ്രസിഡന്റാകാനുള്ള ട്രംപിന്റെ മോഹത്തിന് വിലങ്ങ് തടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.