1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2021

സ്വന്തം ലേഖകൻ: പ്രസിഡന്റ് സ്ഥാനം വിട്ടുപോകാതിരിക്കാനായി അവസാന അടവും പയറ്റി ഡൊണാള്‍ഡ് ട്രംപ്. 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന നിലപാടെടുത്തതിന് പിന്നാലെ വന്‍ പ്രതിഷേധസമരത്തിന് കൂടി ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രംപ്.

മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പുതിയ പ്രതിഷേധ സമരവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ മാര്‍ച്ചിനായി അണിനിരക്കണമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

വാഷിംഗ്ടണ്‍ ഡി.സി ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിക്കായി ഒത്തുചേരൂ, ചരിത്രത്തിന്റെ ഭാഗമാകൂ എന്നാണ് വീഡിയോയില്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുക, അന്തസത്ത സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് സമരമെന്നും വീഡിയോയില്‍ പറയുന്നു.

അതേസമയം സെനറ്റിലും ട്രംപ് കാര്യമായ ചരടുവലികള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് ഫലത്തില്‍ എതിര്‍പ്പുണ്ടെന്ന് അറിയിച്ചിരുന്നു. വോട്ടുകള്‍ ഔദ്യോഗികമായി എണ്ണുന്നതിനു വേണ്ടി ബുധനാഴ്ച നടത്തുന്ന ജോയിന്റ് സെഷനില്‍ എതിര്‍പ്പറിയിക്കുമെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്.

ഇലക്ട്രല്‍ കോളേജ് വോട്ടുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന സംസ്ഥാനങ്ങളില് പത്ത് ദിവസം നീളുന്ന അന്വേഷണം വേണമെന്നാണ് ഈ സെനറ്റര്‍മാരുടെ ആവശ്യം.

ട്രംപ് വീറ്റോ ചെയ്ത നാഷനൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് (എൻഡിഎഎ) 2021 ന് റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് അനുമതി നൽകി (81–13). പ്രതിരോധച്ചെലവുകൾക്കുള്ള 74,000 കോടി ഡോളറിന്റെ (54 ലക്ഷം കോടിയിലേറെ രൂപ) എൻഡിഎഎ ബില്ലിനൊപ്പം സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്ത തടയുന്നതിന് ഉടമകളായ വമ്പൻ കമ്പനികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന 230–ാം വകുപ്പ് എടുത്തുകളയണമെന്ന ട്രംപിന്റെ ആവശ്യം തള്ളിയതിനെ തുടർന്നാണ് ജനപ്രതിനിധിസഭ അനുമതി നൽകിയ ബില്ലിനെ ട്രംപ് വീറ്റോ ചെയ്തത്.

ഈ മാസം 20ന് സ്ഥാനമൊഴിയുന്ന ട്രംപിന് കനത്ത ആഘാതവും കടുത്ത ശാസനയുമാണിത്. വീറ്റോയെ മറികടക്കാൻ ജനപ്രതിനിധിസഭയിൽ നടന്ന വോട്ടെടുപ്പിലും ട്രംപിനു കനത്ത പരാജയമേറ്റിരുന്നു (322–87). ബില്ലിന് കോൺഗ്രസിന്റെ അനുമതി ലഭിച്ചെങ്കിലും പ്രസിഡന്റിന്റെ ഒപ്പു കൂടി ലഭിക്കേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.