1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം വന്‍ വിവാദമാകുന്നു, സന്ദര്‍ശനം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി. ട്രംപിനെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന ബ്രിട്ടനില്‍ ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണം എന്നാവശ്യപ്പെടുന്ന ജനകീയ പരാതിയില്‍ 10 ലക്ഷത്തിലധികം പേരാണ് ഒപ്പുവെച്ചത്. സന്ദര്‍ശനം നീട്ടിവെക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാക്കള്‍ പ്രധാനമന്ത്രി തെരേസ മേയ്യോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് വിഷയം ചൊവ്വാഴ്ച ചര്‍ച്ച ചെയ്യും.

ജനങ്ങളുടെ പരാതി പാര്‍ലമെന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഷ്ട്ര നേതാവ് എന്ന നിലയില്‍ ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍, അത് ഔദ്യോഗിക ക്ഷണപ്രകാരം ആകരുതെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ട്രംപിനെ ഔദ്യോഗികമായി ക്ഷണിക്കുന്നത് ബ്രിട്ടീഷ് രാജ്ഞിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരാതിയില്‍ പറയുന്നു.

കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും പ്രവേശന നിരോധനം ഏര്‍പ്പെടുത്തി വെള്ളിയാഴ്ച ട്രംപ് ഉത്തരവ് പുറപ്പെടുവിച്ച് തൊട്ടടുത്ത ദിവസംതന്നെ ഒപ്പുശേഖരണം തുടങ്ങിയിരുന്നു. ശനിയാഴ്ച വൈകീട്ട് കേവലം 60 പേര്‍ മാത്രമാണ് ഒപ്പുവെച്ചത്. ഇതാണ് രണ്ടു ദിവസത്തിനുള്ളില്‍ 10 ലക്ഷം കവിഞ്ഞത്. ഇതില്‍ 30,000ത്തിലധികം പേര്‍ ബ്രിട്ടനു പുറത്തുള്ളവരാണ്.

ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റല്‍, ലിവര്‍പൂള്‍, ലീഡ്‌സ്, എഡിന്‍ബറോ തുടങ്ങിയ നഗരങ്ങളിലെല്ലാം പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. തുടര്‍ന്ന് ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ രംഗത്തുവരികയായിരുന്നു. ഒരു ലക്ഷത്തിലേറെപ്പേര്‍ പരാതിയില്‍ ഒപ്പുവച്ചാല്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നാണു വ്യവസ്ഥ. മിനിറ്റില്‍ ആയിരം ഒപ്പുകളെന്ന നിലയിലാണു പ്രതിഷേധമെന്നു സംഘാടകര്‍ പറയുന്നു.

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടിം ഫരണ്‍ എന്നിവരും പരാതിയില്‍ ഒപ്പുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം യു.എസില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണു ട്രംപിനെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.